കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നടന്ന ഓപ്പറേഷന് തൂഫാന്റെ മധ്യതിരുവിതാംകൂര്‍ മേഖലാതല ഉദ്ഘാടനവും തൂഫാന് ഷീല്‍ഡ് -പ്രിവന്
തൂഫാന് പദ്ധതിയില്‍ ഇനിയാവശ്യം ഓപ്പറേഷന് കെയര്‍: മന്ത്രി രമേശ് ചെന്നിത്തല
കോട്ടയം: ഓപ്പറേഷന് തൂഫാന് പദ്ധതിയില്‍ ഇനി തൂഫാന് കെയറാണു വലിയ ദൗത്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് മധ്യതിരുവിതാംകൂര്‍ മേഖലാതല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളില്‍ ലഹരി ഉപയോഗത്തിനെതിരേയുള്ള നിലപാട് കര്‍ക്കശമാക്കുന്ന എച്ച്ആര്‍ പോളിസി (ഓപ്പറേഷന് തൂഫാന് ഷീല്‍ഡ്-പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ്) നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും കാരിത്താസ് ആശുപത്രിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 42 ദിവസമായി നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതി വന്‍വിജയമാണ്. നിലവില്‍ പദ്ധതിയുടെ ഭാഗമായി 6000ല്‍പ്പരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 60 കോടി രൂപയുടെ ലഹരി മരുന്നുകള്‍ പിടികൂടി. ജയിലുകള്‍ നിറയ്ക്കുകയല്ല, നാടിനെ ലഹരിമുക്തിയിലേക്കു എത്തിക്കുകയാണ് തൂഫാന് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
തൂഫാന് പദ്ധതി കാഘഘട്ടത്തിന്റെ ആവശ്യമാണെങ്കിലും ഇനിയാവശ്യം ഓപ്പറേഷന് കെയറാണ്. മയക്കുമരുന്നിന് അടിമകളായവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ 35 ആശുപത്രികൾ ഇതിനോടകം ഓപ്പറേഷന് കെയറില്‍ ചേര്‍ന്നിട്ടുണ്ട്. മയക്കുമരുന്നിനടിപ്പെട്ടവരെ തിരികെ കൊണ്ടുവരേണ്ടത് ഓപ്പറേഷന് കെയറിലൂടെയാണ്.
ഈ ആശുപത്രികളിലെല്ലാം തൂഫാന് കെയറിനു പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലഹരിയുടെ വേരറക്കുകയാണ് ലക്ഷ്യം. വഴിതെറ്റി പോയവരെ ജീവിതത്തിലേക്കു കൊണ്ടുവരികയാണ് ആവശ്യം. ഇതിനു കാരിത്താസ് മുന്നോട്ടു വരുന്നത് ആതുരസേവനത്തിന്റെ മകുടോദാഹരണമാണ്. അയല്‍ സംസ്ഥാനങ്ങളും ഓപ്പറേഷന് തൂഫാനുമായി സഹകരിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ വരവ് തടയാന്‍ അഞ്ചു സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൂഫാന് ഷീല്‍ഡ് പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളുടെ എച്ച്ആര്‍ വിഭാഗം നടപ്പിലാക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ പോളിസിയാണ് പോഡ (പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ്) പദ്ധതി. ഹെല്‍ത്ത് കമ്മീഷന്, ടീച്ചേഴ്സ് ഗില്‍ഡ് എന്നീ സംരംഭങ്ങള്‍ കാരിത്താസില്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഓപ്പറേഷന് തൂഫാന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കാരിത്താസ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് എന്നിവരെ മന്ത്രി രമേശ് ചെന്നിത്തല തൂഫാന് വാരിയര്‍മാരായി പ്രഖ്യാപിച്ച് ബാഡ്ജും അണിയിച്ചു. തൂഫാന് വീഡിയോയും സ്റ്റാറ്റിക്സ് വീഡിയോയും വേദിയില്‍ അവതരിപ്പിച്ചു.
അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ്, നാട്ടകം സുരേഷ് എംഎല്‍എ, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍, എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര, കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു, കാരിത്താസ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Caritas Hospital 'Toofan Care