അച്ചാമ്മ ജേക്കബ് അനുസ്മരണം
ചങ്ങനാശേരി: കേരള ജിയന്ന എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷിക അനുസ്മരണത്തിനും മകന് ഫാ. റെജി പുലിക്കോട്ട് എസ്ഡിബിയുടെ പൗരോഹിത്യ രജതജൂബിലിക്കും വേദിയായി മുട്ടാര്‍ കുമരഞ്ചിറ സെന്റ് തോമസ് പള്ളി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമൂഹബലിക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കും മുഖ്യകാര്‍മികത്വം വഹിച്ചു.
പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കേ കാൻസര്‍ ബാധിതയായ അച്ചാമ്മയുടെ ജീവന് രക്ഷിക്കണമെങ്കില്‍ ഗര്‍ഭഛിദ്രം നടത്തിയേ മതിയാകൂ എന്ന് ഡോക്ടർമാർ നിര്‍ദേശിച്ചു. എന്നാല്‍, അച്ചാമ്മ ഗര്‍ഭഛിദ്രം പാടില്ലായെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ കുഞ്ഞിന്റെ ജീവന് രക്ഷപ്പെടുകയും അച്ചാമ്മ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിലൂടെയാണ് അച്ചാമ്മ ജേക്കബ് കേരള ജിയന്ന എന്ന പേരിന് അര്‍ഹയായത്. അച്ചാമ്മയുടെ പന്ത്രണ്ടാമത്തെ മകനായ ഫാ. റെജി പുലിക്കോട്ട് എന്ന എസ്ഡിബി വൈദികന് തെരുവിലലയുന്ന കുട്ടികൾക്കായി ബംഗളൂരു കേന്ദ്രമാക്കിയുള്ള സ്ഥാപനത്തിന്റെ ചുമതലക്കാരനാണ്.
അച്ചാമ്മ ജേക്കബ് സമകാലിക ലോകത്തിന് ശക്തമായ സാക്ഷ്യമാണെന്നും ഈ മാതൃസാക്ഷ്യത്തിലൂടെയാണ് സഭയ്ക്ക് ഫാ. റെജി പുലിക്കോട്ട് എന്ന വൈദികനെ ലഭിച്ചതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
25 വൈദികര്‍ തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികരായിരുന്നു. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, കുമരഞ്ചിറ സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസഫ് കട്ടപ്പുറം, അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജോസഫ് തെക്കേക്കുറ്റ്, ഫാ. ജോയ് ജോസഫ്, ജോസഫ് വാടപ്പറമ്പില്‍, ഏബ്രഹാം പുത്തന്‍കളം, റെജി ആഴാഞ്ചിറ, യുഗേഷ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews