മഞ്ചേരി: യുട്യൂബ് ലൈവ് സ്ട്രീമിംഗിനിടെ യുവതിയെ അപമാനിച്ച കേസില്‍ റിമാന്‍ഡിലായ യൂട്യൂബറെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ കൂട്ടാളിയായ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി കെ. മുഹമ്മദ് എന്ന മമ്മുവിനെയാ (20)ണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഗായകന് ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയും മഞ്ചേരി മുട്ടിപ്പാലം സ്വദേശിനിയുമായ 22കാരിയുടെ പരാതിയിലാണ് മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപി പ്രതിയെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ലൈവിനിടെ തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍നിന്നായിരുന്നു അറസ്റ്റ്.
തൊപ്പിയും സംഘവും താമസിച്ചിരുന്ന എറണാകുളത്തെ ഫ്ളാറ്റില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.
കേസിലെ ഒന്നാംപ്രതിയായ കണ്ണൂര്‍ കല്യാശേരി മങ്ങാട് സ്വദേശി നിഹാദ് എന്ന തൊപ്പി (26) ഉള്‍പ്പെടെ മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനും, ഐ.ടി ആക്ട്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസ്.
Tags : Local News Nattuvishesham Malappuram