കുളത്തൂപ്പുഴ: അഞ്ചല്‍-കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ 11-ാം മൈല്‍ ഭാഗത്ത് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ മദ്യലഹരിയില്‍ കത്രികയുമായി കുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. യുവതി കഷ്ടിച്ചു രക്ഷപ്പെട്ടു.
അക്രമിയെ ചോദ്യം ചെയ്ത മാര്‍ത്താണ്ഡംകര 11-ാം മൈല്‍ എംഎസ് ഗാര്‍ഡനില്‍ മധുസൂദനന് പിള്ളയ്ക്ക് (62) കുത്തേറ്റു. സംഭവത്തില്‍ കുളത്തൂപ്പൂഴ തച്ചന്‍കോണം സ്വദേശി രഞ്ജിത്തിനെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതി കത്രികയുമായി റോഡിലേക്ക് ചാടിയിറങ്ങി യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവതി, സമീപത്തെ വീട്ടിലെത്തി മധുസൂദനന് പിള്ളയോട് വിവരം പറഞ്ഞു.
ഉടന്‍ തന്നെ മധുസൂദനന് പിള്ള പോലീസിനെ അറിയിക്കുകയും യുവതിയോടൊപ്പം പ്രതി നില്ക്കുന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഇവര്‍ എത്തിയ ഉടന്‍ പ്രതി വീണ്ടും യുവതിയെ ആക്രമിക്കാന്‍ മുതിര്‍ന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ മധുസൂദനന് പിള്ളയെ നിലത്ത് തള്ളിയിട്ടു മര്‍ദിക്കുകയും കത്രിക ഉപയോഗിച്ച് തോളില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നു.
ഈ സമയം അതുവഴി വന്ന വാഹനയാത്രക്കാരും സ്ഥലത്തെത്തിയ കുളത്തുപ്പൂഴ പോലീസും ചേര്‍ന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ മധുസൂദനന് പിള്ളയെ ആദ്യം കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
രഞ്ജിത്തിനെതിരെ കുളത്തുപ്പൂഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി കടുത്ത ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Local News Nattuvishesham Kollam