രാജാക്കാട്: ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിനെ വീണ്ടും ഭീതിയിലാഴ്ത്തി ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചിന്നക്കനാൽ ബി.എൽ. റാം ഈട്ടിത്തേരിയിലാണ് വളർത്തു മൃഗത്തെ കടുവ ആക്രമിച്ചു കൊന്നത്.
ബി.എൽ. റാം സ്വദേശി നെടുംപറമ്പിൽ മാത്യു വർഗീസിന്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കടുവ കൊന്നുഭക്ഷിച്ചത്.
കഴിഞ്ഞ 19ന് കാണാതായ പശുവിനായി നടത്തിയ തെരച്ചിലിലാണ് ഇന്നലെ കടുവ ആക്രമിച്ച നിലയിൽ ഈട്ടിത്തേരി ഭാഗത്ത് കണ്ടെത്തിയത്.ജഡം കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിയുകയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
വന്യമൃഗത്തിന്റെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനും അതിന്റെ സഞ്ചാരപഥം മനസിലാക്കുന്നതിനുമായി പ്രദേശത്ത് ഉടൻതന്നെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വന്യമൃഗം വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
തോട്ടം തൊഴിലാളികളും കർഷകരും നിത്യേന സഞ്ചരിക്കുന്ന ബി.എൽ. റാം മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും വന്യമൃഗത്തെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Tags : nattu vishesham Cattle attacked leopard in Chinnakanal