പ്രതീകാത്മക ചിത്രം
മലപ്പുറം: ഭാരത സെൻസസ് 2027-ന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പുമായി (പോപ്പുലേഷൻ എന്യൂമറേഷൻ) ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. മലപ്പുറം പ്ലാനിംഗ് സെക്രട്ടേറിയറ്റിലെ മിനി കോണ്ഫറൻസ് ഹാളിൽ നടന്ന പരിശീലനം കളക്ടറും ജില്ലാ സെൻസസ് ഓഫിസറുമായ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു.
12 മുതൽ 15 വരെ നാല് ദിവസങ്ങളിലായി രണ്ട് ബാച്ചുകളായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. 12, 13 തീയതികളിൽ ആദ്യബാച്ചിന്റെയും 14, 15 തീയതികളിൽ രണ്ടാം ബാച്ചിന്റെയും പരിശീലനം നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന പരിപാടിയിൽ രണ്ട് ബാച്ചുകളിലായി ആകെ 78 ഉദ്യോഗസ്ഥർ പങ്കെടുക്കും.
2027 ഫെബ്രുവരി ഒന്പതുമുതൽ 28 വരെയാണ് ജനസംഖ്യ കണക്കെടുപ്പിനായി ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നത്. 2027 ഫെബ്രുവരി 28 അർധരാത്രി 12 വരെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ വിവര ശേഖരണമാണ് പ്രസിദ്ധീകരിക്കുന്നത്.
ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപറേഷൻസിലെ ജംഷീർ ചെറുകാട്, ഷഹ്ന കാരാടൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ എഡിഎം പി.ഒ. സാദിഖ്, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ ചാർജ്തല സെൻസസ് ഉദ്യോഗസ്ഥർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ, ക്ലറിക്കൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Census NattuVishasham DistrictNews