കല്‍പ്പറ്റ: എംപിമാരെയും എംഎല്‍എമാരെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പദവികളും സമ്പത്തും വാഗ്ദാനം ചെയ്തും വരുതിയിലാക്കി കേന്ദ്ര ഭരണ നേതൃത്വം ജനാഭിലാഷത്തെയും ജനാധിപത്യത്തേയും ശ്വാസംമുട്ടിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ആരോപിച്ചു.
കൂറുമാറാന്‍ തയാറാകുന്ന ജനപ്രതികള്‍ക്ക് "വൈ പ്ലസ്' സുരക്ഷ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നത് ലജ്ജാകരമാണ്. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ നയങ്ങളും ആശയങ്ങളും പരിഗണിച്ചാണ്. എന്നാല്‍ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുള്ള ഭരണകക്ഷിക്കാര്‍ ഭീഷണിയും മോഹനവാഗ്ദാനങ്ങളും വഴി ജനപ്രതിനിധികളെ വലവീശുകയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍രണ്ട് ഭൂരിപക്ഷം കുറുക്കുവഴികളിലൂടെ നേടിയെടുത്ത് ഭരണഘടനാസ്ഥാപനങ്ങളെ നിയന്ത്രിക്കാനും മതേതര-ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുമാണ് തത്പര കക്ഷികള്‍ ശ്രമിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഇരുണ്ട അധ്യായങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നു പൗലോസ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad