ചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ രണ്ടു നിലകളുടെ നിർമാണം പൂർത്തിയായപ്പോൾ.
ചാരുംമൂട്: കരിമുളയ്ക്കലിൽ നിർമാണം പുരോഗമിക്കുന്ന ചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ രണ്ടു നിലകളുടെ നിർമാണം പൂർത്തിയായി. മൂന്നു നിലയുള്ള കെട്ടിടത്തിനായി 5.22 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 46 സെന്റ് സ്ഥലത്താണ് കെട്ടിട നിർമാണം നടക്കുന്നത്. ചുനക്കര പഞ്ചായത്തിന്റെ പൊതുചന്തയായും പിന്നീട് കാളച്ചന്തയായും അതിനുശേഷം മോട്ടോർവാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടായും ഈ സ്ഥലം ഉപയോഗിച്ചുവരികയായിരുന്നു.
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായശേഷം ഇതിനു മുൻവശത്തെ കടമുറികൾ പൊളിച്ചുനീക്കും. ചാരുംമൂട്, നൂറനാട് മേഖലകളിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ പ്രവർത്തിച്ചുവരുന്ന സർക്കാർ ഓഫീസുകൾ ഇവിടേക്കു മാറ്റാനാണ് തീരുമാനം.
ചാരുംമൂട് മേഖലയിൽ പുതുതായി അനുവദിക്കുന്ന സർക്കാർ ഓഫീസുകളും ഇവിടേക്കു മാറ്റും. നിലവിൽ അംഗീകരിച്ച എ.ആർ. ഡ്രോയിംഗ് പ്രകാരം സിവിൽസ്റ്റേഷന്റെ താഴത്തെ നിലയിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസ്, മറ്റ് ഓഫീസുകൾക്കായുള്ള മുറികൾ, ടോയ്ലെറ്റ് ബ്ലോക്ക്, ലോബി, പോർച്ച്, ഇലക്ട്രിക്കൽ റൂം, ലിഫ്റ്റ് റൂം എന്നിവയുണ്ടാകും.
ഒന്നാംനിലയിൽ നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിനുള്ള മുറികൾ, ടോയ്ലെറ്റ് ബ്ലോക്ക്, ലോബി, ഇലക്ട്രിക്കൽ റൂം, ലിഫ്റ്റ് റൂം, പാസേജ് എന്നിവയാണുള്ളത്. രണ്ടാം നിലയിൽ സ്പെഷൽ തഹസിൽദാർ ഓഫീസ്, എ.ഇ.ഒ. ഓഫീസ്, കോൺഫറൻസ് ഹാൾ, ലോബി, ഇലക്ട്രിക്കൽ റൂം, പാസേജ്, ടോയ്ലെറ്റ് ബ്ലോക്ക് എന്നിവയാണുള്ളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരനാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ കരിമുളയ്ക്കലിൽ ശിലാഫലകം സ്ഥാപിച്ചത്. തുടർന്ന് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2025 ഓഗസ്റ്റിലാണ് നിർമാണം ആരംഭിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews building