ചേകാടിയിലെ പ്രകൃതി ഭംഗിയുള്ള ദൃശ്യം.
പുല്‍പ്പള്ളി: പഞ്ചായത്തിലെ ചേകാടിയില്‍ പ്രാവര്‍ത്തികമാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടക്കാത്തതില്‍ ചേകാടി ഗ്രാമവാസികളില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്.
കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന ചേകാടി വനഗ്രാമം സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നാണ്. പച്ചപ്പണിഞ്ഞ നെല്പാടങ്ങളും കബനി പുഴയും ഗ്രാമഭംഗിയുമാണ് ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. പൈതൃകഗ്രാമം എന്ന നിലയില്‍ ഒട്ടേറേ കാഴ്ചകളാണ് ചേകാടിയിലുള്ളത്. പുല്പ്പള്ളിയില്നിന്ന് ചേകാടിയിലേക്കുള്ള കാനനയാത്രതന്നെ സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്നതാണ്.
സംസ്ഥാന സര്‍ക്കാര്‍ സ്ട്രീറ്റ്(സസ്റ്റൈനബിള്‍, ടാന്‍ജിബിള്‍, റെസ്പോണ്സിബിള്, എക്സ്പീരിയന്‍ഷ്യല്‍, എത്നിക് ടൂറിസം ഹബ്) പദ്ധതിയില്‍ ചേകാടിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന യുഎന്‍ ടൂറിസം ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്കിയ സ്ട്രീറ്റ് പദ്ധതിയിലേക്ക് സംസ്ഥാനത്തെ ആറു ജില്ലകളില്‍നിന്ന് തെരഞ്ഞെടുത്ത 10 കേന്ദ്രങ്ങളിലൊന്നാണ് ചേകാടി.
ഗോത്രപൈതൃകവും കാര്‍ഷികപ്പെരുമയും ഇഴചേര്‍ന്നുകിടക്കുന്നതാണ് ചേകാടിയെ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇടയാക്കിയത്. പദ്ധതി പ്രഖ്യാപനം നടന്ന് അഞ്ചുവര്‍ഷമായിട്ടും തുടര്‍നടപടികളായില്ല.
പദ്ധതി യാഥാര്‍ഥ്യമായാല്‍ ചേകാടിയിലെ കര്‍ഷകരും അവരുടെ പരമ്പരാഗത നെല്ലിനങ്ങളും പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും പുറംലോകത്തും ചര്‍ച്ചയാകും. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തതയ്ക്ക് പരിഹാരമാകും. സര്‍ക്കാരിന്റെ ഭാഗത്ത് ഇടപെടല്‍ ഉണ്ടായാല്‍ സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രമായി ചേകാടിയെ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് സഞ്ചാരികള്‍ പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Chekadi tourism