ചെങ്ങന്നൂർ: 2026-27 സാമ്പത്തിക വർഷത്തിൽ 60 ലക്ഷം രൂപയുടെ സേവനപദ്ധതികൾ നടപ്പിലാക്കുമെന്ന് ചെങ്ങന്നൂർ ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനത്തിൽ കർമപദ്ധതികൾ വിശദീകരിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്കും ബോധവത്കരണ പരിപാടികൾക്കും മുൻഗണന നൽകിയാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രമേഹ ബോധവത്കരണത്തിന്റെ ഭാഗമായി വിപുലമായ വാക്കത്തൺ സംഘടിപ്പിക്കും. ലോക പ്രമേഹ ദിനമായ നവംബർ 14ന് അമ്പത് കേന്ദ്രങ്ങളിൽ ഒരേസമയം പ്രമേഹ പരിശോധന ക്യാമ്പുകൾ നടത്തും. തുടർന്ന് ഫോളോ-അപ്പ് ക്യാമ്പുകളും സംഘടിപ്പിക്കും. വിദ്യാർഥികളിൽ വായനശീലം വളർത്തുന്നതിനായി സമീപത്തെ 25 സ്കൂളുകളിൽ ദിനപത്രങ്ങൾ സൗജന്യമായി ലഭ്യമാക്കും.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ്, ജീവിത നൈപുണ്യ പരിശീലനം എന്നിവ നടത്തും. ലയൺസ് ക്വസ്റ്റ് പദ്ധതിയിലൂടെ 1,600 വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പരിശീലനം ഉറപ്പാക്കും. ആരോഗ്യമേഖലയിൽ നിർധനർക്കായി 1,000 തിമിര ശസ്ത്രക്രിയകൾ, സ്കൂൾ കുട്ടികൾക്കും ഡ്രൈവർമാർക്കും കാഴ്ച പരിശോധന, എച്ച്പിവി വാക്സിനേഷൻ കാമ്പയിൻ, ദന്താരോഗ്യ ബോധവത്കരണം എന്നിവ നടപ്പിലാക്കും. കാൻസർ ബാധിതരായ കുട്ടികൾക്ക് വിനോദപരിപാടികളും സംഘടിപ്പിക്കും.
ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വാക്കറുകളും വിതരണം ചെയ്യും. അർഹരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സാമ്പത്തിക സഹായം നൽകും. സർക്കാർ ആശുപത്രികളിലെ രോഗികൾക്കും ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കും ഭക്ഷണം നൽകുന്നതിനും തീർഥാടകർക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിനും ക്ലബ് മുൻകൈയെടുക്കും.
കൂടാതെ, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ലയൺസ് വോളണ്ടിയർ ആർമി രൂപീകരിച്ച് പ്രത്യേക പരിശീലനം നൽകും. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി റാലികൾ, കായിക-സാംസ്കാരിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി വീടുകളിൽ അടുക്കളത്തോട്ടം പദ്ധതിയും തെരുവുകൾ മനോഹരമാക്കാൻ പൂച്ചെടി വളർത്തലും നടപ്പിലാക്കും.
മുൻ ഡിസ്ട്രിക്ട് ഗവർണർ ജി. വേണുകുമാർ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ഡോ. ഉമ്മൻ വർഗീസ് പദ്ധതികൾ അവതരിപ്പിച്ചു.
റീജണൽ ചെയർപേഴ്സൺ എസ്. സുരേഷ് ബാബു, സോൺ ചെയർപേഴ്സൺ ക്യാപ്റ്റൻ ജോസഫ് ജോർജ്, മറ്റ് ഭാരവാഹികളായ ഈപ്പൻ ചെറിയാൻ, സദാശിവൻ നായർ, എസ്. ബാലചന്ദ്രൻ നായർ, സുദേഷ് ജി, ഡോ. എസ്. വിനയൻ, ഡോ. നവീൻ പിള്ള, പ്രതീഷ് രാമനാഥൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : directors Nattuvishesham District news