പ്രതീകാത്മക ചിത്രം
ഹരിപ്പാട്: രണ്ട് വർഷമായി മുടങ്ങിക്കിടന്ന ചേപ്പാട്–വന്ദികപ്പള്ളി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനം. ഇതേത്തുടർന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് അറിയിച്ചു.
മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടർന്ന് ഇന്നലെ രാവിലെ 11.30ന് കളക്ടറുടെ ചേംബറിലാണ് എൽഎസ്ജിഡി ഉദ്യോഗസ്ഥരുടെയും റോഡ് നിർമാണ കരാറുകാരന്റെയും യോഗം ചേർന്നത്. റോഡ് പണി അടുത്ത ദിവസം തന്നെ പുനരാരംഭിക്കുമെന്ന് കരാറുകാരൻ യോഗത്തിൽ ഉറപ്പുനൽകി. തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ഇതുവരെ ചെയ്ത ജോലികൾക്ക് നൽകിയ തുക തിരിച്ചുപിടിക്കാൻ റവന്യു റിക്കവറി നടപടി സ്വീകരിക്കുമെന്നും കളക്ടർ കർശന മുന്നറിയിപ്പ് നൽകി.
സിഎംഎൽആർആർപി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച പാത പാതിവഴിയിൽ നിലച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്താൻ ജോൺ തോമസ് നോട്ടീസ് നൽകിയത്. അധികൃതർ കർശന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.