പവർലും പ്രവർത്തിച്ച സ്ഥലം കാടുകയറി മൂടിയ നിലയിൽ.
ചെങ്ങന്നൂര്‍: പ്രവര്‍ത്തനം നിലച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചെറിയനാട് പവര്‍ലൂം വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്ഷോപ്പിന്റെ ലിക്വിഡേഷന് നടപടികള്‍ പൂര്‍ത്തിയാകാത്തത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. നിലവില്‍ പടനിലം ജംഗ്ഷനു സമീപമുള്ള അരയേക്കറോളം വരുന്ന പ്രദേശം പൂര്‍ണമായും കാടുമൂടിയ അവസ്ഥയിലാണ്. പാഴ്മരങ്ങളും കാടുകളും വളര്‍ന്ന് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ സമീപത്തെ വീടുകളിലുള്ളവര്‍ വലിയ ആശങ്കയിലാണ്. ഇതിനെതിരേ നിരവധി പരാതികളാണ് ഉയരുന്നത്.
അളന്നുതിട്ടപ്പെടുത്താനാകാതെ സര്‍വേ സംഘം
ഭൂമിയിലെ കാടുകള്‍ വെട്ടിമാറ്റി സ്ഥലം തെളിക്കാതിരുന്നതു കാരണം ആറു മാസം മുൻപ് താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിന് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സ്ഥലം വൃത്തിയാക്കുന്നതിനുള്ള അനുമതിക്കായി ലിക്വഡേഷൻ ഓഫീസര്‍ ജില്ലാ വ്യവസായ ഓഫീസര്‍ക്ക് കത്തു നല്‍കിയെങ്കിലും ഇതില്‍ ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും ജപ്തി നടപടികള്‍ നേരിട്ടിരിക്കുന്നതുമായ വസ്തുവായതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
അതേസമയം വ്യവസായ വകുപ്പില്‍നിന്ന് കൃത്യമായ മറുപടി ലഭിക്കാറുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചെങ്ങന്നൂര്‍ താലൂക്ക് ഇന്‍ഡസ്ട്രീസ് ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുടെ കത്തു പ്രകാരമായിരുന്നു സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നത്. അളവ് പൂര്‍ത്തിയാക്കിയശേഷം മൂല്യനിര്‍ണയം നടത്തിയ റിപ്പോര്‍ട്ട് സഹകരണവകുപ്പിനു കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍, അളവ് മുടങ്ങിയതോടെ തുടര്‍ നടപടികള്‍ എല്ലാം ഇപ്പോള്‍ മരവിച്ചമട്ടാണ്.
തകര്‍ന്നത് തൊഴില്‍ സ്വപ്നങ്ങള്‍
തൊഴിലാളികളും ഉടമകളും ഒന്നുചേര്‍ന്ന വേറിട്ടൊരു സഹകരണ മാതൃകയായിരുന്നു ചെറിയനാട് പവര്‍ലൂം വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്ഷോപ്പ് സിഎസ് ലിമിറ്റഡ്. അരനൂറ്റാണ്ടു മുന്‍പാണ് പടനിലം ജംഗ്ഷനു സമീപം 37 സെന്റ് സ്ഥലത്ത് സഹകരണ സംഘം രൂപീകരിച്ച് ഈ യന്ത്രവത്കൃത നെയ്ത്തു കേന്ദ്രം തുറന്നത്. തുടക്കത്തില്‍ നഷ്ടത്തിലായതിനെത്തുടര്‍ന്ന് ലിക്വിഡേറ്റ് ചെയ്തെങ്കിലും പിന്നീട് സംഘം പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു.
24 തറികളിലായി നൂറിലധികം തൊഴിലാളികള്‍ ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്തരുന്നു. തമഴ്നാട്ടില്‍നിന്ന് നൂല് എത്തിച്ച് മുണ്ടും തോര്‍ത്തും നെയ്ത് തിരികെ നല്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. അക്കാലത്ത് രണ്ട് രൂപ മുതല്‍ അഞ്ചു രൂപ വരെയായിരുന്നു തൊഴിലാളികളുടെ ദിവസവേതനം.
എന്നാൽ, സംഘം ലിക്വിഡേറ്റ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നാണ് അംഗങ്ങൾ പറയുന്നത്. പവര്ലൂമിനൊപ്പം ഡൈയിംഗ് യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ടായിരുന്നങ്കിലും നടന്നില്ല
വീഴ്ചകള്‍, കടബാധ്യതകള്‍; ഒടുവില്‍ തകര്‍ച്ച
ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പവര്‍ലൂം പിന്നീട് നഷ്ടത്തിലായതിന് പിന്നില്‍ വലിയ ദുരൂഹതകളുണ്ട്. ഭരണപരമായ പാളിച്ചകളാണ് പ്രധാന തകര്‍ച്ചയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൊഴിലാളികള്‍ ഉദ്പാദിപ്പിച്ച തുണിത്തരങ്ങള്‍ നാട്ടിലെ കച്ചവടക്കാര്‍ വീടുകളില്‍ കൊണ്ടുപോയി വിറ്റെങ്കിലും അതിന്റെ പണം കൃത്യമായി സംഘത്തില്‍ തിരിച്ചെത്തിയില്ല. ഇതിനൊപ്പം കൂലിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രവര്‍ത്തനത്തെ ബാധിച്ചു. എണ്‍പതുകളോടെ പവര്‍ലൂമിന്റെ പ്രവര്‍ത്തനം പൂര്‍ണമായി ഇല്ലാതായി.
പ്രവര്‍ത്തനം നിലച്ചെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ കെഎസ്ഇബി വൈദ്യുതി കുടിശികയാണ് സ്ഥാപനത്തിന്റെ പേരിലുള്ളത്. നിലവില്‍ ഇരുനൂറിലധികം ഷെയ് ഹോള്ഡര്മാരുണ്ടെങ്കിലും അതില്‍ ജീവിച്ചിരിക്കുന്നവര്‍ വളരെ കുറവാണ്.
ഇവരുടെ അനന്തരാവകാശികളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇനി സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കൂ. ഈ കടബാധ്യതകളും ഷെയര്‍ഹോള്‍ഡര്‍മാരുടെ ഓഹരി മൂല്യവുമാണ് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് നിലവില്‍ തടസമായി നില്‍ക്കുന്നത്. ഇടയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് ഈ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
യന്ത്രസാമഗ്രികള്‍ ആക്രിവിലയ്ക്ക്
അരനൂറ്റാണ്ടു മുന്‍പ് ഏറ്റവും ആധുനിക മെഷീനുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പ്രവര്‍ത്തനം നിലച്ചതോടെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്തു. കെട്ടിടത്തിന്റെ മേല്‍ക്കൂരകള്‍ തകര്‍ന്ന് മഴവെള്ളം വീണാണ് ഭൂരിഭാഗം യന്ത്രഭാഗങ്ങളും നശിച്ചത്. രാത്രികാലങ്ങളിലും പകല്‍സമയങ്ങളിലും ആക്രിക്കാര് എത്തി പല യന്ത്രസാമഗ്രികളും അഴിച്ചു കൊണ്ടുപോയി. അവശേഷിച്ചവ പിന്നീട് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് അഴിച്ചുമാറ്റുകയായിരുന്നു.
നിലവില്‍ വലിയ മരങ്ങള്‍ വളര്ന്നുനില്ക്കുന്ന കാടുകള്‍ക്കിടയില്‍ പവര്‍ലൂം കെട്ടിടത്തിന്റെ ഭിത്തിയുടെ ചില ചെറിയ ഭഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടുത്തിടെയും വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
നാട്ടുകാരുടെ ആവശ്യം
പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ പടനിലം ജംഗ്ഷന് സമീപത്തെ സ്ഥലത്തെ കാടുകള്‍ എത്രയും വേഗം വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കെട്ടിടാവശിഷ്ടങ്ങളും കാടും പൂര്‍ണമായി നീക്കം ചെയ്ത് ഈ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കണമെന്നും പ്രദേശവാസികള്‍ക്ക് ഉപകാരപ്രദമായ പുതിയ തൊഴില്‍ സംരംഭങ്ങളോ മറ്റ് ജനോപകാരപ്രദമായ പദ്ധതികളോ ഇവിടെ ആരംഭിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags : Nattuvishesham Local News Cheryanad Powerloom climbs the forest