ക്രൈസ്റ്റ് ചലഞ്ച് ട്രോഫി ബാസ്കറ്റ് ബോള് പെണ്കുട്ടികളുടെ മത്സരത്തില്നിന്ന്
തിരുവല്ല: തിരുവല്ല ക്രൈസ്റ്റ് സെന്ട്രല് സ്കൂള് ഗ്രൗണ്ടില് നടക്കുന്ന 11-ാമത് ഫാ. കുര്യന് മുളച്ചേരില് സിഎംഐ സ്മാരക ഓള് കേരള ഇന്റര് സ്കൂള് ബാസ്കറ്റ്ബോള് ടൂര്ണമെന്റിലെ ഫൈനല് മത്സരങ്ങള് ഇന്ന്് രാവിലെ ഏഴിന് ആരംഭിക്കും. തിരുവല്ല മുനിസിപ്പല് ചെയര്പേഴ്സണ് എസ്. ലേഖ ചടങ്ങില് മുഖ്യാതിഥിയായി പങ്കെടുക്കും.
പെണ്കുട്ടികളുടെ ആവേശം നിറഞ്ഞ ആദ്യ സെമിഫൈനലില് ശക്തരായ കോഴിക്കോട് പ്രൊവിഡന്സ് എച്ച്എസഎസ് ഫൈനലില് പ്രവേശിച്ചു. പത്തനാപുരം മൗണ്ട് താബോര് എച്ച്എസ്എസിനെ 55 - 41 എന്ന സ്കോറിനാണ് അവര് പരാജയപ്പെടുത്തിയത്. രണ്ടാമത്തെ സെമിഫൈനലില് കോഴിക്കോട് സില്വര് ഹില് എച്ച്എസ്എസും കോട്ടയം മൗണ്ട് കാര്മല് എച്ച്എസ്എസും തമ്മില് ഏറ്റുമുട്ടുന്നതിലെ വിജയികളെയാവും പ്രൊവിഡന്സ് ഫൈനലില് നേരിടുക.
ആതിഥേയരായ തിരുവല്ല ക്രൈസ്റ്റ് സെന്ട്രല് സ്കൂള് കിഡ്സ് ബോയ്സ് (അണ്ടര്12) കിരീടം സ്വന്തമാക്കി. ഫൈനലില് മല്ലപ്പള്ളി സോഫിയ ഇന്റര്നാഷണല് സ്കൂളിനെ 26-7 എന്ന സ്കോറിനാണ് അവര് തകര്ത്തത്. നേരത്തേ നടന്ന മത്സരങ്ങളില് എംഎംഎആര് ചെങ്ങന്നൂരിനെ 50-19 ന് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് സെന്ട്രല് ഫൈനലില് എത്തിയത്. സോഫിയ ഇന്റര്നാഷണല് കുറിയന്നൂര് എംടിഎച്ച്എസിനെ 20-8 ന് തോല്പിച്ച് ഫൈനല് യോഗ്യത നേടിയിരുന്നു. ടൂര്ണമെന്റിലെ മികച്ച കളിക്കാരനായി ക്രൈസ്റ്റ് സെന്ട്രല് സ്കൂളിലെ അല്ത്താഫും വളര്ന്നുവരുന്ന മികച്ച കളിക്കാരനായി സോഫിയ ഇന്റര്നാഷണലിലെ ആദര്ശും തെരഞ്ഞെടുക്കപ്പെട്ടു.
Tags : Basketball NattuVishasham DistrictNews