അന്താരാഷ്ട്ര കാപ്പി ദിനാഘോഷം കൃഷി മന്ത്രി ടി. സിദ്ദിഖ് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയുന്നു.
കൽപ്പറ്റ: വയനാടിന്റെ സന്പദ് വ്യവസ്ഥയിൽ കാപ്പി വഹിക്കുന്ന സ്വാധീനം വലുതാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാപ്പി കൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മേഘസ്ഫോടനം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
അത്തരം പ്രശ്നങ്ങളിൽ ഇടപെടൽ നടത്താൻ സർക്കാരും കൃഷിവകുപ്പും പ്രത്യേക ദൗത്യം ഏറ്റെടുക്കും. കേന്ദ്ര സർക്കാരിന്റെ കോഫി ഡെവലപ്മെന്റ് ബോർഡ്, സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പ് മുഖേന കാപ്പിക്ക് പ്രത്യേകമായി പദ്ധതികൾ നടപ്പാക്കും. ജില്ലയിലെ കാപ്പിയുടെ ഉത്പാദനക്ഷമത ഒരു ഹെക്ടറിൽ 918 കിലോഗ്രാമാണ്. കുടകിൽ 1494 കിലോഗ്രാമാണ്. കുടകിലേക്കാൾ മികച്ച രീതിയിൽ വരുമാനമുണ്ടാക്കാനുള്ള ഒരു വലിയ മുന്നേറ്റത്തിന് സർക്കാർ തുടക്കം കുറിക്കുകയാണ്.
കേരയുടെ പ്രവർത്തനങ്ങൾ കാപ്പി കൃഷി വികസനം, പുനർകൃഷി എന്നിവയിൽ മാത്രം ഒതുങ്ങി നിർത്താതെ സന്പൂർണമായി കാപ്പിയെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചിക പദവി ലഭിച്ചെങ്കിലും മൂല്യവർധന ഉറപ്പാക്കണം. അതിന്റെ ബയോ വേസ്റ്റുകൾ മുഴുവൻ സെക്കൻഡ് ഇൻഗ്രീഡിയന്റാക്കി മാറ്റാൻ സാധിക്കണം. അതിനായി വിവിധ സ്കീമുകളെ ഉപയോഗപ്പെടുത്തി ഒരു സന്പൂർണ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കൂടിയാലോചനകൾ നടക്കുന്നുണ്ട്.
വയനാടൻ റോബസ്റ്റ കാപ്പിയുടെ ഭൗമ സൂചികാ പദവി മുൻനിർത്തി ഫാം ടു കപ്പ് എന്ന അന്താരാഷ്ട്ര ബ്രാൻഡിംഗ് പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് അന്താരാരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു. നെസ്ലെ, ലുലു, വാൾമാർട്ട് ഉൾപ്പെടെ ലോകോത്തര കയറ്റുമതി അധിഷ്ഠിത ബിസിനസ് സംരംഭങ്ങൾ കേരളത്തിലേക്ക് ആകർഷിക്കാൻ കർഷകരുമായി നേരിട്ടുള്ള ബി ടു ബി മുഖാമുഖം, ചർച്ചകൾ, ധാരണാപത്രം ഒപ്പുവയ്ക്കൽ എന്നിവ നടപ്പിലാക്കും. ഇത്തരം അഭിമുഖങ്ങളിൽ കോഫിക്ക് പ്രത്യേകമായ ഇടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കർഷകർക്ക് നൽകാനുള്ള സഹായധനംഒക്ടോബർ അവസാനത്തോടെ ലഭ്യമാക്കും. വിള ഇൻഷ്വറൻസ് കുടിശിക തീർപ്പാക്കാൻ ആറു കോടി രൂപ നീക്കിവച്ചതായും തുക വിതരണത്തിനുള്ള നടപടികൾ പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.
അടുത്ത സാന്പത്തിക വർഷം മുതൽ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി കർഷകനുണ്ടാകുന്ന വിള നഷ്ടത്തിനൊപ്പം പുതിയ നടീൽ വസ്തുക്കൾ, തുക, വളം നൽകുന്ന പദ്ധതി കൃഷി വകുപ്പ് ആവിഷ്കരിക്കും. വന്യമൃഗ ശല്യത്താൽ കർഷകന് നഷ്ടമുണ്ടായാൽ നഷ്ടത്തിന് നിലവിൽ കിട്ടുന്ന തുക നൂറു ശതമാനമാക്കി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. കർഷകനെ സംരക്ഷിച്ച് ചേർത്തുപിടിക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ച് ജില്ലയുടെ കാർഷിക അഭിവൃദ്ധിക്കും കാർഷിക ടൂറിസത്തിനും നവോൻമേഷമേകുമെന്നും മന്ത്രി പറഞ്ഞു.
ഉഷ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അമൃദ് യൂണിറ്റിന്റെ ലോഗോ മന്ത്രി ടി. സിദ്ദിഖ് പ്രകാശനം ചെയ്തു. മലയാളം കോഫി ഗൈഡ് ജില്ലാ കളക്ടർ വി. ചെൽസസിനി പ്രകാശനം ചെയ്തു. കാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി കർഷകർക്കായി വിവിധ സാങ്കേതിക സെഷനുകൾ, കാപ്പിയും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന 32 സ്റ്റാളുകളും ഒരുക്കി. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, കോഫി ബോർഡ് കേരളം-തമിഴ്നാട് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബി.ജെ. സീമ, കനറാ ബാങ്ക് കോഴിക്കോട് സർക്കിൾ ചീഫ് ജനറൽ മാനേജർ വിജയലക്ഷ്മി, ജനപ്രതിനിധികൾ, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കോഫി ബോർഡ് പ്രതിനിധികൾ, പ്ലാന്റേഷൻ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കാപ്പി കൃഷിക്ക് മൂല്യവർധനവിലൂടെ പുതിയ വിപണി സാധ്യതകൾ
കണ്ടെത്തണം: മന്ത്രി
കൽപ്പറ്റ: കർഷകരെയും വയനാടിന്റെ സാന്പത്തിക മേഖലയുടെയും ജീവനാഡിയായ കാപ്പി കൃഷിയുടെ വികസനത്തിന് മൂല്യവർധനവും അടിസ്ഥാന സൗകര്യ വികസനവുമാണ് പ്രധാനമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഉദ്ഘാടന യോഗത്തിൽ ഓണ്ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ വലിയ വിപണി സാധ്യതയുള്ള ഉത്പന്നമാണ് കാപ്പി. എന്നാൽ കർഷകർ നിലവിൽ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ സർഗാത്മകവും പ്രായോഗികവുമായ നിർദേശങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക ഉത്പന്നത്തിന്റെ വികസനത്തിൽ മൂല്യവർധനയ്ക്കുള്ള പങ്ക് വലുതാണ്. വ്യവസായിക അടിസ്ഥാനത്തിൽ കാപ്പി അധിഷ്ഠിത ഉത്പന്നങ്ങളുടെ മൂല്യവർധനയ്ക്കായി മികച്ച പദ്ധതി നിർദേശങ്ങൾ സമർപ്പിച്ചാൽ അത് ചർച്ച ചെയ്യാനും ആവശ്യമായ എല്ലാ പിന്തുണയും നൽകാനും വ്യവസായ വകുപ്പ് തയാറാണെന്ന് മന്ത്രി അറിയിച്ചു.
ഗൗരവമുള്ള ഇടപെടലുകൾ നടത്തുക സർക്കാർ ലക്ഷ്യം: മന്ത്രി
കൽപ്പറ്റ: കാർഷിക മേഖലയിൽ ഗൗരവമുള്ള ഇടപെടലുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
കാപ്പി കൃഷി വികസനത്തിന് കർഷകരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയെ സംബന്ധിച്ചും സംസ്ഥാന കാർഷിക മേഖലയെ സംബന്ധിച്ചും വലിയ മുന്നേറ്റ സാധ്യതകളുള്ള മേഖലയാണ് കാപ്പി കൃഷി. കാപ്പിയുടെ പ്രസക്തിയും പ്രാധാന്യവും ചർച്ച ചെയ്യാൻ വിപണിയിലെ പുതിയ സാധ്യതകൾ കണ്ടെത്താൻ ദിനാചരണങ്ങളും സെമിനാറുകളും സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Tags : District News Nattuvishesham Coffee plays Wayanad's economy