നിലന്പൂർ: സാമുദായിക ശാക്തീകരണം കത്തോലിക്ക സഭയുടെ ദൗത്യമാണെന്ന് മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം. കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലന്പൂർ മേഖലാ നേതൃത്വ ശിൽപശാല നിലന്പൂർ ലിറ്റിൽ ഫ്ളവർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനം സമൂഹത്തിന്റെ പൊതുനൻമ ലക്ഷ്യമാക്കി വേണമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക ശക്തീകരണത്തിനൊപ്പം എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും നൻമയും ലക്ഷ്യമിട്ട് വേണം പ്രവർത്തിക്കാൻ.
ജനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്പോൾ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് നിലന്പൂർ മേഖലാ പ്രസിഡന്റ് ഫ്രാൻസിസ് അന്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന വികാരിയുമായ ഫാ. സെബാസ്റ്റ്യൻ പുത്തേൻ, കത്തോലിക്ക കോണ്‍ഗ്രസ് മേഖലാ ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ. ഫാ.സജി പുതുകുളങ്ങര, ബാബു തോട്ടപ്പള്ളി, ലിസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ ക്ലാസെടുത്തു. നിലന്പൂർ - മണിമൂളി ഫൊറോനകൾക്ക് കീഴിലുള്ള ഇടവകളിലെ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.
Tags : nattu vishesham Community Empowerment Church's Mission