സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തില്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകിയ നിലയില്‍.
പുല്‍പ്പള്ളി: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പ്രദേശത്ത് പരന്നൊഴുകുന്നു. ചികിത്സയ്ക്കെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേത്തുടര്‍ന്ന് ദുരിതത്തിലായി.
പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുല്‍പ്പള്ളി സാമൂഹ്യ കേന്ദ്രത്തിലെ കാഷ്വാലിറ്റിക്ക് സമീപമാണ് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം ഒഴുകുന്നത്. ദിവസങ്ങളായി ഈ അവസ്ഥ തുടര്‍ന്നിട്ടും ഇതുവരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസം മുമ്പ് കക്കൂസ് മാലിന്യം നിറഞ്ഞൊഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പേരിനുമാത്രം മാലിന്യം നീക്കം ചെയ്തിരുന്നു.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും മാലിന്യം നിറയുകയും പൊട്ടിയൊഴുകുകയുമാണ്. ഇതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
ശൗചാലയത്തിലെ ക്ലോസറ്റ് ഉള്‍പ്പെടെ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശൗചാലയം പൊട്ടിയൊലിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത്. എത്രയും വേഗം മാലിന്യം നീക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
Tags : Local News Nattuvishesham Wayanad