ഡീൻകുര്യാക്കോസ് ദേശീയപാതയിലെ ഡിവൈഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗം സന്ദർശിക്കുന്നു.
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാത 85ൽ അടിമാലി ടൗണിൽ നാലുവരിപ്പാത വികസനം ചർച്ച ചെയ്തു. ഡീൻ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയിൽ അടിമാലി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്. അടിമാലി ടൗണിൽ അമ്പലപ്പടി മുതൽ സർക്കാർ ഹൈസ്കൂൾ വരെയാണ് നാലുവരിപ്പാത നിർമിക്കുന്നത്. നാലുവരിപാതയിലെ ഡിവൈഡർ നിർമാണത്തിൽ വ്യാപാരി വ്യവസായികളുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുകയായിരുന്നു ലക്ഷ്യം.
കാംകോ ജംഗ്ഷനിൽ വാഹനങ്ങൾ തിരിഞ്ഞ് പോകുന്ന ഡിവൈഡർ ഓപ്പണിംഗ് ( മീഡിയൻ ക്രോസിംഗ്) അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി. നേരത്തേ നിശ്ചയിച്ചിരുന്ന അലൈൻമെന്റ് പ്രകാരം അടിമാലി ടൗണിൽ ഡിവൈഡറുകൾക്കിടയിൽ മൂന്ന് ഓപ്പണിംഗുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം, ബസ് സ്റ്റാൻഡിൽനിന്നു വാഹനങ്ങൾ പുറത്തേക്കിറങ്ങുന്ന ഭാഗം, സെൻട്രൽ ജംഗ്ഷൻ എന്നിവടങ്ങളിലായിരുന്നു ഇത്. വ്യാപാരികളുടെ ആവശ്യപ്രകാരമാണ് നാലാമത് കാംകോം ജംഗ്ഷനിൽ മീഡിയൻ ക്രോസിംഗ് അനുവദിക്കാൻ യോഗത്തിൽ തീരുമാനിച്ചത്.
ടൗണിൽ ഗതാഗതക്കുരുക്കോ മറ്റു തടസങ്ങളോ ഉണ്ടായാൽ ബൈപാസ് പോലെ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. ഈ സാഹചര്യത്തിൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കാംകോ ജംഗ്ഷനിൽകൂടി നാലാമതൊരു ഓപ്പണിംഗ് അനുവദിക്കണമെന്ന് യോഗത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു. ടൗണിൽ ആളുകൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി ഒരു ആകാശ നടപ്പാത നിർമിക്കണമെന്ന ആവശ്യവും ഉയർന്നു.റീജണൽ ഓഫീസറുടെ അനുമതിയോടെ ഇതു നടപ്പിലാക്കുന്നത് പരിശോധിക്കുമെന്ന് എംപി അറിയിച്ചു.
ആളുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ഒരുക്കുന്ന നടപ്പാത പൂർണമായും കൈവരികൾവച്ച് കെട്ടിയടയ്ക്കില്ല. വ്യാപാരികളുടെ ആവശ്യപ്രകാരം, തടസമുണ്ടാകുമെന്ന് കരുതുന്ന ഭാഗങ്ങൾ കണ്ടെത്തി കൈവരികൾ ഒഴിവാക്കും. റോഡ് മുറിച്ചുകടക്കാനായി ഒരിടത്ത് നടപ്പാത അനുവദിക്കും. വ്യാപാരികളുടെ കടകളിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഓപ്പണിംഗുകൾ, പാർക്കിംഗ് സ്ഥലം എന്നിവ സാധ്യതകൾ പരിശോധിച്ച് അനുഭാവ പൂർവം പരിഗണിക്കും.
റോഡിന്റെ ഇരുവശങ്ങളിലും മികച്ച രീതിയിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ എഫ്. രാജ എംഎൽഎ, നാഷണൽ ഹൈവെ അഥോരിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി, വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രധിനിതികൾ എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Concerns discussed median crossings