ദേശീയപാത 66 പാരിപ്പള്ളിയിൽ മണ്ണ് നിറച്ച ഉയരപ്പാതയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
കൊല്ലം: ദേശീയപാത 66 പാരിപ്പള്ളിയിൽ മണ്ണ് നിറച്ച ഉയരപ്പാതയിലെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളി വന്നതുമൂലം ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കാൻ സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കുമെന്നു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫീസർ ഉറപ്പുനൽകിയതായി എൻ. കെ .പ്രേമചന്ദ്രൻ എംപി അറിയിച്ചു.
സ്ഥലം സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് റീജണൽ ഓഫീസറുമായി ചർച്ച നടത്തിയ ശേഷമാണ് വിവരമറിയിച്ചത്. പാരിപ്പള്ളിയിലെ ഉയരപ്പാതയുടെ വശങ്ങളിലെ സ്ലാബുകൾ തള്ളി വരുന്നതുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സത്വര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
സ്ഥല പരിശോധന നടത്തി പരിഹാര മാർഗം നിർദ്ദേശിക്കാൻ ഐഐടി ചെന്നൈയെ ചുമതലപ്പെടുത്തി. ജനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്ന തരത്തിൽ മാത്രമേ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കുവെന്നും ആശങ്കകൾ പൂർണമായും അകറ്റുന്ന തരത്തിൽ പരിഹാരമാർഗം സ്വീകരിക്കുമെന്നും റീജിയണൽ ഓഫീസർ ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു.
Tags : Local News Nattuvishesham Kollam