തോരാത്ത മഴ, ചോരാത്ത ആവേശം... കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചതോടെ തൃശൂർ നഗരത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ
തൃശൂർ: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നഗരത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിനുമുന്പിൽ സമാപിച്ചു. കനത്ത മഴയിലും ആവേശം കൈവിടാതെ നടത്തിയ പ്രകടനത്തിനു നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, കെ.വി. ദാസൻ, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, രവി ജോസ് താണിക്കൽ, അനിൽ പുളിക്കൻ, സജീവൻ കുരിയച്ചിറ, ഫ്രാൻസിസ് ചാലിശേരി, കെ.പി. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.രാവിലെ ഡിസിസിയിൽ മധുരവിതരണവും ഉണ്ടായിരുന്നു.
ആഘോഷങ്ങളിൽനിന്നു
വിട്ടുനിന്ന്മുതിർന്ന നേതാക്കൾ
മുഖ്യമന്ത്രിപ്രഖ്യാപനത്തിന്റെ അനിശ്ചിതത്വത്തിനുപിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതോടെ നാടും നഗരവും ആഹ്ലാദപ്രകടനത്തിൽ മുഴുകിയപ്പോഴും ഡിസിസി ഓഫീസിലെ ആഹ്ലാദപരിപാടികളിൽനിന്നു മുതിർന്ന നേതാക്കൾ വിട്ടുനിന്നത് ആഘോഷത്തിന്റെ മാറ്റുകുറച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുതിർന്ന നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ് അടക്കമുള്ളവരാണ് വിട്ടുനിന്നത്. രാവിലെ നടന്ന ചടങ്ങുകളിൽനിന്നും വൈകീട്ടത്തെ പ്രകടനത്തിൽനിന്നും നേതാക്കൾ വിട്ടുനിന്നു.
നേതാക്കൾ തിരുവനന്തപുരത്താണെന്നായിരുന്നു വിശദീകരണമെങ്കിലും പല തവണ നേതാക്കളെ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും പറയുന്നു.