ചങ്ങലീരി കുളപ്പാടം പാലം നിർമാണത്തിന് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തുന്നു.
മണ്ണാർക്കാട്: ജനങ്ങളുടെ ചിരകാല അഭിലാഷമായ ചങ്ങലീരി കുളപ്പാടം പാലം നിർമാണത്തിനു പൊതുമരാമത്ത് വകുപ്പ് പ്രാരംഭ നടപടികൾ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ചങ്ങലീരി, കുളപ്പാടം പാറക്കടവ് എന്നിവിടങ്ങളിൽ സ്ഥലപരിശോധന നടത്തി. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചും അന്വേഷണ നടപടികൾക്കുമായാണ് ഉദ്യോഗസ്ഥരെത്തിയത്.
പാലം നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ മൂന്നുകോടിരൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സൗജന്യമായി സ്ഥലം വിട്ടുനൽകുന്ന പക്ഷം എസ്റ്റിമേറ്റ് തയാറാക്കുന്നതടക്കമുള്ള തുടർനടപടികളിലേക്കു കടക്കുമെന്ന് അധികൃതർ അറിയിച്ചു.
പാലം യാഥാർഥ്യമാകുന്നതോടെ ചങ്ങലീരിയിൽനിന്ന് കുമരംപുത്തൂർ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള യാത്രാദൂരത്തിൽ വലിയ കുറവുണ്ടാകും.
നിലവിൽ മണ്ണാർക്കാട് വഴി ചുറ്റി സഞ്ചരിക്കേണ്ട 15 കിലോമീറ്ററോളം ദൂരം, പാലം വരുന്നതോടെ മൂന്നുകിലോമീറ്ററായി ചുരുങ്ങുമെന്നു നാട്ടുകാർ പറയുന്നു.
വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കും അഗ്നിരക്ഷാസേനയുടെ സഹായം ആവശ്യമുള്ളയിടങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാൻ ഇതു സഹായിക്കും. പദ്ധതി പ്രാദേശിക യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രധാന ബദൽ പാത കൂടിയായി മാറും.
ദേശീയപാതയിലെ കുന്തിപ്പുഴ പാലത്തിൽ ഗതാഗത തടസമുണ്ടാകുമ്പോൾ യാത്രക്കാർക്ക് ഇതിലൂടെ ബദൽ വഴിയാക്കാം. കൂടാതെ വട്ടമ്പലത്തുനിന്ന് പാലക്കാട്ടേക്കും ചങ്ങലീരി വഴി കോങ്ങാട് തച്ചമ്പാറ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ സാധിക്കും.
മണ്ണാർക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകുന്നതിനൊപ്പം കരിമ്പുഴ ഭാഗത്തേക്കുള്ള യാത്രയും എളുപ്പമാകും. കാരാകുർശ്ശി, കിളിരാനി, പുല്ലിശ്ശേരി, ശ്രീകൃഷ്ണപുരം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും പാലം വലിയ പ്രയോജനം ചെയ്യും. പുഴയുടെ ഇരുവശത്തും റോഡ് സൗകര്യമുള്ളത് ഈ പദ്ധതിക്കു വലിയ അനുകൂല ഘടകമാണ്.
അസിസ്റ്റന്റ് എൻജിനീയർ ഗിരീഷ്, ഓവർസിയർ അനൂപ്, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലപരിശോധന നടത്തിയത്. ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham District news