ജില്ലാ വികസന സമിതി യോഗത്തിൽ കളക്ടർ ജി. പ്രിയങ്ക സംസാരിക്കുന്നു. എംഎൽഎമാരായ ഷിബു തെക്കുംപുറം, ടി.ജെ. വിനോദ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രാൻഡെ സായി കൃഷ്ണ, ഡി
കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക രേഖപ്പെടുത്തി. പെരുന്നാളിന് മുമ്പ് റോഡ് തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകി.
കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് നിർമാണം വൈകാൻ പ്രധാന കാരണമെന്നാണ് യോഗത്തിലെ വിലയിരുത്തൽ. അടുത്തമാസം 15 വരെ കരാറുകാരന് സമയം അനുവദിക്കാനും അതിനകം പ്രവൃത്തി പൂർത്തിയാക്കാത്ത പക്ഷം കരാർ റദ്ദാക്കി കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. തുടർന്ന് മൂന്നു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ബൈപ്പാസിന്റെ പൂർത്തീകരണം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് നിർണായകമാണ്.
കുട്ടമ്പുഴയിലെ മണികണ്ഠൻചാൽ, കല്ലേലിമേട് പ്രദേശങ്ങളിലെ പട്ടയനടപടികൾ വേഗത്തിലാക്കാനും പട്ടയം ലഭിക്കാനുള്ള 460 പേരുടെ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ഇതിൽ 50 പേരുടെ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇവർക്ക് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഉടൻ പട്ടയം വിതരണം ചെയ്യും. ശേഷിക്കുന്നവരുടെ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും.
ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കാൻ ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായി അധികമായി ആവശ്യമായ രണ്ട് കോടി രൂപ അനുവദിക്കുന്നതിനായി ധനകാര്യ വകുപ്പിനെ സമീപിക്കാനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കനാലുകളുടെ അറ്റകുറ്റപ്പണികളും മോശം നിലയിലുള്ള റോഡുകളുടെ നിർമാണവും എത്രയും വേഗം പൂർത്തിയാക്കാനും യോഗം നിർദേശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മാമലക്കണ്ടത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് എക്സ്പ്ലോർ മാമലക്കണ്ടം പദ്ധതിക്ക് തുടക്കം കുറിക്കും.
കന്നി 20 പെരുന്നാളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎ ഉന്നയിച്ചു. വിവിധ പ്രദേശങ്ങളിനിന്ന് ഭക്തജനങ്ങൾ കോതമംഗലത്തേക്ക് എത്തുന്ന സാഹചര്യത്തിൽ ഗതാഗതം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ശക്തമാക്കണം. ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്തവിധം എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഷിബു തെക്കുംപുറം എംഎൽഎ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews