വള്ളിക്കട കടവ് പാലത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദര്ശിച്ചപ്പോള്.
മൂവാറ്റുപുഴ: ആരക്കുഴ - ആവോലി പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിക്കുന്ന വള്ളിക്കട കടവ് പാലം നിർമാണത്തിന്റെ പ്രാരംഭ നടപടികള്ക്ക് തുടക്കമായതായി മാത്യു കുഴല്നാടന് എംഎല്എ. പാലം യാഥാര്ഥ്യമായാല് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന പദ്ധതിയായി ഇതു മാറും.
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദീര്ഘകാലത്തെ ആവശ്യം എന്നതിലുപരി ഇടുക്കി ജില്ലയില് നിന്നും വരുന്നവര്ക്ക് മൂവാറ്റുപുഴ നഗരത്തില് പ്രവേശിക്കാതെ എളുപ്പത്തില് എറണാകുളത്തേക്ക് പോകാനുള്ള ബൈപ്പാസായി പാലം മാറും.
ഇടുക്കിയില് നിന്നും വരുന്നവര്ക്ക് വാഴക്കുളം വഴി പരീക്കപീടിക ജംഗ്ഷനില് വിശ്വജ്യോതി എന്ജിനീയറിംഗ് കോളജിന് സമീപമുള്ള റോഡിലൂടെ കടന്ന് വള്ളിക്കട പാലം വഴി പെരുമ്പല്ലൂര് എത്തി എംസി റോഡില് പ്രവേശിക്കാന് സാധിക്കും. തുടര്ന്ന് കായനാട് വഴി പെരുവുംമുഴിയില് എത്തി കോലഞ്ചരി, എറണാകുളം എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുവാന് സാധിക്കും. കോട്ടയം പോകുന്ന യാത്രികര്ക്കും മൂവാറ്റുപുഴ നഗരം ഒഴിവാക്കി സഞ്ചരിക്കുവാന് ഈ പാലം ഗുണകരമാകും.