കണ്ണാറയിൽ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ.
പട്ടിക്കാട്: കണ്ണാറ സെന്റർ മുതൽ മൂർക്കനിക്കര നടത്തറ വരെ എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. ആദ്യഘട്ടത്തിൽ ഇതിനായി കണ്ണാറ സെന്റർ മുതൽ മുണ്ടയ്ക്കത്താഴം വരെയുള്ള ഭാഗത്ത് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
റോഡ് വികസനത്തിന് അക്വയർ ചെയ്ത സ്വകാര്യഭൂമിക്ക് ഇതുവ രെയും പണം നൽകാത്തതിനാൽ മഞ്ഞക്കുറ്റികൾ നാട്ടി വേർതിരിച്ച സ്ഥലങ്ങൾ നിലവിൽ ഏറ്റെടുക്കുകയില്ലെന്ന് കരാർ കമ്പനിയുടെ പ്രൊജക്ട് മാനേജർ ബിനീഷ് സുരേന്ദ്രൻ പറഞ്ഞു. അതേസമയം വെള്ളക്കുറ്റിയിട്ട് വേർതിരിച്ച പുറമ്പോക്ക് ഭൂമി നിർമാണത്തിനായി ഏറ്റെടുക്കും.
അഞ്ചര മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തുക. നിലവിൽ റോഡിന് വീതിയുള്ള സ്ഥലങ്ങളിൽ ഇരു ഭാഗത്തും കാനകളുണ്ടാകും. വീതിയില്ലാത്ത സ്ഥലങ്ങളിൽ ടാറിംഗിന് ഇരു വശത്തും മഴവെള്ളം റോഡിൽ നിന്നും ഒഴുകിപ്പോകാനായി ഐറിഷ് ഡ്രെയിനുകൾ നിർമിക്കും. കൂടുതൽ വീതിയുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് പേവിംഗ് ടൈലുകൾ വിരിക്കും. വിവധയിടങ്ങളിൽ കലുങ്കുകളും നിർമ്മിക്കും. പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ആണ് കരാർ കമ്പനി. മഴക്കാലത്തിനുമുമ്പ് സമയബന്ധിതമായി റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് കമ്പനിയുടെ പ്രൊജക്ട് മാനേജർ ബിനീഷ് സുരേന്ദ്രൻ പറഞ്ഞു.