അടൂര്‍: രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും വയലായില്‍ കക്കൂസ് മാലിന്യം തള്ളി. വയലാ കാവനാല്‍ പള്ളി കിളിവയല്‍ റോഡിലാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മാലിന്യം തള്ളിയത്. ടാങ്കറില്‍ കൊണ്ടുവന്ന മാലിന്യം അതിവേഗം ഒഴുക്കിയിട്ട് പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ രണ്ടോടെയാണ് വാഹനം എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറവായതിനാല്‍ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനായില്ല. ഒരാഴ്ച മുന്‍പും ഇതേ പ്രദേശത്ത് രാത്രിയില്‍ കക്കൂസ് മാലിന്യം തള്ളിയിട്ടു പോയിരുന്നു. ആളൊഴിഞ്ഞ ഇടം നോക്കി ആസൂത്രിതമായാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ടാങ്കര്‍ വരുന്നതിന് മുന്‍പും പിന്‍പും സ്ഥലം നിരീക്ഷിക്കാന്‍ ബൈക്കുകളില്‍ ആളെത്തുന്നുണ്ടെന്നും പറയുന്നു. മാസങ്ങള്‍ക്കുമുന്‍പ് ഏഴംകുളത്ത് കനാല്‍ വശത്ത് ഇത്തരത്തില്‍ പലതവണ ടാങ്കറില്‍ മാലിന്യം തള്ളിയിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് ഇതിനൊരു അറുതി ഉണ്ടായത്. പ്രശ്നം പരിഹരിക്കാന്‍ വയലാ മേഖലയില്‍ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.