ഓണാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ഫ്ലക് സ് ബോർഡുകൾ സ്ഥാപിച്ചപ്പോൾ.
തൃശൂർ: നാടും നഗരവും ഓണാഘോഷത്തിലേക്കുനീങ്ങാൻ നാളുകൾ മാത്രം ബാക്കിനിൽക്കേ, മടകളിൽ ആവേശത്തിന്റെ പടയൊരുക്കവുമായി പുലിക്കളി-കുമ്മാട്ടിസംഘങ്ങൾ. സ്വരാജ് റൗണ്ടിനെ ഇളക്കിമറിക്കുന്ന പുലിക്കളിയും, നാട്ടിടവഴികളിലും ഗ്രാമവീഥികളിലും വർണപ്പകിട്ടാർന്ന വേഷങ്ങളണിഞ്ഞെത്തുന്ന കുമ്മാട്ടികളും ഇത്തവണയും തൃശൂരിന്റെ സ്വപ്നങ്ങൾക്കു നിറംപകരും- പ്രാരാബ്ദങ്ങളുടെ പെരുമഴക്കാലത്തും പാരന്പര്യത്തിന്റെ പച്ചപ്പുകെടാതെ...
പുലിമടകളിൽനിന്നുള്ള വരവറിയിച്ച് തെരുവോരങ്ങളിൽ ഫ്ളക്സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞു. ഓണാവേശം കൊട്ടിക്കയറും മുൻപേ നഗരം ആഘോഷലഹരിയിലേക്കു മാറി.
കടക്കെണിയുടെ കരിനിഴൽ
നാടിനെ സന്തോഷിപ്പിക്കുന്പോഴും അണിയറയിലെ യാഥാർഥ്യങ്ങൾ അത്ര ഭംഗിയുള്ളതല്ല. സംഘാടകരുടെ നെഞ്ചകം നീറുന്നതു വലിയ സാന്പത്തികബാധ്യതകളിലാണ്. അർഹമായതും ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്നു ലഭിക്കേണ്ടതുമായ ഫണ്ടുകളിലെ അനിശ്ചിതത്വവും മുൻവർഷങ്ങളിലെ കുടിശികകളുമാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ചായക്കൂട്ടുകളുടെയും വേഷവിധാനങ്ങളുടെയും വിലക്കയറ്റവും വാദ്യക്കാരുടെ പ്രതിഫലവും താങ്ങാനാവാതെ നട്ടംതിരിയുകയാണു ദേശക്കൂട്ടായ്മകൾ.
സാന്പത്തികബാധ്യതകൾ കടലോളം വലുതാണെങ്കിലും അങ്ങനെയങ്ങു പിൻമാറാൻ തൃശൂരുകാർക്കാവില്ലല്ലോ. സ്വരാജ് റൗണ്ടിൽ പുലികൾ അലറാതെയും നാട്ടിടവഴികളിൽ കുമ്മാട്ടിമണികൾ മുഴങ്ങാതെയും തൃശൂരുകാരന് എന്ത് ഓണം. കടം വാങ്ങിയായാലും നാടിന്റെ സന്തോഷം ഞങ്ങൾ മുടക്കില്ലെന്നാണു സംഘാടകസമിതി ഭാരവാഹികൾ പറയുന്നത്.
ഗ്രാമവീഥികളും റൗണ്ടും
കീഴടക്കാൻ ഒരുക്കങ്ങൾ
പ്രതിസന്ധികൾക്കിടയിലും അതിജീവനത്തിന്റെ പുതുവഴി കണ്ടെത്തുകയാണു ജനകീയ കൂട്ടായ്മകൾ. ആഘോഷങ്ങൾക്കു കരുത്തേകാൻ വിവിധ ദേശങ്ങളിൽ ഭാരവാഹികളെ തെരഞ്ഞെടുത്ത് സംഘാടകസമിതികൾ രൂപീകരിച്ചുകഴിഞ്ഞു. ഗ്രാമവീഥികളിൽ താളക്കൊഴുപ്പോടെ കുമ്മാട്ടികളെ വരവേൽക്കാനുള്ള മുഖമൂടികളും ഒരുങ്ങുന്നു.
മറുവശത്ത്, നാലാം ഓണത്തിന് സ്വരാജ് റൗണ്ടിനെ ആവേശക്കടലാക്കാൻ പുലികളിസംഘങ്ങളും തിരക്കിലാണ്. കൈയിൽ കാശില്ലെങ്കിലും, നെഞ്ചിലെ ആവേശംകൊണ്ട് ഇത്തവണയും ഓണം കളറാക്കുമെന്നാണ് അവരുടെ ഉറപ്പ്.