തലയോലപ്പറമ്പിലെ വീട്ടിലും സപ്ലൈകോയിലും മോഷണം നടത്തിയ മോഷ്ടാക്കളെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഡിബി കോളജിന് സമീപത്തെ വീട് കുത്തിത്തുറന്ന് ആഭരണവും ലാപ്ടോപ്പുകളും കവരുകയും വടകരയിലെ സിവിൽ സപ്ലൈസിന്റെ സപ്ലൈകോയുടെ പൂട്ടു തകർത്ത് മോഷണം നടത്താൻ ശ്രമം നടത്തുകയും ചെയ്ത മൂന്നംഗ മോഷണ സംഘത്തെ പോലീസ് തലയോലപ്പറമ്പിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. കൊടുങ്ങല്ലൂർ നെല്ലി പറമ്പ് ബൈജു (29), തൃശൂർ ചെമ്പാട്ട് ഇരയൻകുടി കല്ലൂരിൽ റിയാദ് (26), കൊടുങ്ങല്ലൂർ തകരമട തൻസീർ (29) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
വീടു കുത്തിതുറക്കാനായി ഉപയോഗിച്ച ഇരുമ്പു കമ്പി സമീപപ്രദേശത്തുനിന്ന് പോലീസ് കണ്ടെടുത്തു.വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലിന് രാത്രി മുളന്തുരുത്തിയിലെ പെട്രോൾ പമ്പ്, വീടുകൾ തുടങ്ങി ആറിടങ്ങളിൽ മോഷണം നടത്തിയ സംഘം ഒരു ബൈക്കും കൈക്കലാക്കി. അഞ്ചിന് പുലർച്ചെയാണ് വടകര വരിക്കാംകുന്ന് സപ്ലൈകോയിലും തലയോലപ്പറമ്പ് മിഠായിക്കുന്നം പണ്ടാലയിൽ ഷെലീന ഷറഫുദീന്റെ വീട്ടിലും മോഷണം നടത്തിയത്.
സപ്ലൈകോ കുത്തി തുറന്നെങ്കിലും അകത്ത് പ്രവേശിക്കാനായില്ല. ഷെലീന ഷറഫുദീ(68)ന്റെ വീട്ടിൽനിന്ന് വിലയേറിയ രണ്ട് ലാപ്ടോപ്പ്, ആറുലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം-വെള്ളി-ഡയമണ്ട് ആഭരണങ്ങൾ എന്നിവ അപഹരിച്ചു. ഒൻപതിന് മുളന്തുരുത്തി പോലീസ് വടക്കൻ പറവൂരിൽനിന്നാണ് ഇവരെ പിടികൂടിയത്.
എസ്ഐമാരായ പി.എസ്. സുധീരൻ, ഗിരീഷ്കുമാർ, എഎസ് ഐ കെ.എ. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ തിലക്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.