ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ കാത്ത് ലാബിനുള്ള നിർമാണ ജോലികൾ ആരംഭിച്ചു. മൂന്നു മാസത്തിനകം കാത്ത് ലാബ് പ്രവർത്തനമാരംഭിക്കും. വർഷങ്ങളായി കാത്ത് ലാബ് വേണമെന്ന ആവശ്യമുന്നയിച്ചിരുന്നെങ്കിലും 2020ലാണ് കാത്ത് ലാബ് ആൻഡ് സിസിയു യൂണിറ്റിന് സർക്കാർ അനുമതി ലഭിച്ചത്.
മെഡിക്കൽ കോളജിലെ പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗത്തോട് ചേർന്ന് കെട്ടിടനിർമാണം പൂർത്തിയാക്കിയെങ്കിലും ഇപ്പോഴാണ് ലാബിലേക്കാവശ്യമായ യന്ത്രസാമഗ്രികൾ സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിക്കുന്നത്. ഡൈഇൻജക്ടർ വെന്റിലേറ്റർ, സിം ആം മെഷീൻ, പ്രീ കാത്ത് വാർഡ് തുടങ്ങി ആധുനിക നിലവാരത്തിലുള്ള കാത്ത് ലാബാണ് തയാറാവുന്നത്. എട്ടു കോടിയോളം രൂപ ചെലവുവരുന്ന യന്ത്ര സാമഗ്രികളാണ് സ്ഥാപിക്കുന്നത്.
ഒരു വർഷം മുൻപുതന്നെ കാത്ത് ലാബ് ആരംഭിക്കാൻ കെട്ടിടം പൂർത്തിയായെങ്കിലും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നുള്ള യന്ത്രസാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ പ്രതിസന്ധികളാണു താമസിക്കാൻ കാരണമായത്. കാത്ത് ലാബ് തയാറായാലും ഡോക്ടർമാരുടെ നിയമനം തലവേദനയായേക്കും. മറ്റു ജീവനക്കാരുടെ നിയമനവും നടക്കണം.
Tags : Construction work nattuvishesham local news