നെയ്യാറ്റിന്‍കര : താലൂക്കില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതില്‍ ആശങ്കയോടെ കര്‍ഷകര്‍.ഓണവിപണി ലക്ഷ്യമിട്ടു നൂറുകണക്കിനു കര്‍ഷകരാണ് നെല്ലും വാഴയും പച്ചക്കറികളും കൃഷി ചെയ്തിട്ടുള്ളത്.
തോതു കുറവാണെങ്കിലും ചിലയിടങ്ങളില്‍ കര്‍ഷകരുടെ സ്വന്തം പാടങ്ങളിലും പാട്ടത്തിനെടുത്ത വയലുകളിലുമെല്ലാം നെല്‍കൃഷിയുമുണ്ട്. ചില വയലേലകളില്‍ നേരത്തെ ഞാറുനട്ടു. നെല്ലിക്കോണം മുതലായ പാടശേഖരത്ത് ഈയടുത്ത ദിവസമാണ് ഞാറു നടീല്‍ നടന്നത്.
കാലാവസ്ഥ പ്രതികൂലമായാല്‍, ഓണത്തോടനുബന്ധിച്ചുള്ള കൊയ്ത്ത് പ്രതീക്ഷിക്കുന്ന കര്‍ഷകരുടെ അധ്വാനം വിഫലമാകും. പച്ചക്കറി കൃഷിയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന പരാതി മുന്‍വര്‍ഷങ്ങളിലെ പ്രകൃതിക്ഷോഭത്തിന്റെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലായെന്നതാണ്.
ആയിരക്കണക്കിനു വാഴകളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി നശിച്ചത്. അക്കൂട്ടത്തില്‍ കുലച്ചതും കുലയ്ക്കാറായതുമായ വാഴകളുമുണ്ടായിരുന്നു. 2022 മുതലുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പച്ചക്കറി കൃഷി നശിച്ചതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വര്‍ഷത്തെ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള തുക പോലും കിട്ടിയിട്ടില്ലായെന്നും കര്‍ഷകര്‍ ആരോപിച്ചു.
Tags : nattu vishesham Continuous rain