കോട്ടയം: പാചകവാതക നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ഗാര്‍ഹിക പാചകവാതകം ലഭിക്കുന്നതിനുള്ള ബുക്കിംഗ് നിലച്ചു. ഇന്നലെമുതല്‍ വിതരണ കമ്പനികളുടെ ബുക്കിംഗ് നമ്പരുകളിലേക്ക് വിളിച്ചവര്‍ക്ക് ഈ നമ്പരുകള്‍ ലഭ്യമല്ലെന്നാണു മറുപടി ലഭിക്കുന്നത്. തുടര്‍ന്ന് വിതരണ ഏജന്‍സികളില്‍ ബന്ധപ്പെട്ടപ്പോള്‍ സേവനം ലഭ്യമല്ലാത്തതിനാല്‍ ബുക്കിംഗ് നമ്പരുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതോടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായിരിക്കുകയാണ്.
സിലിണ്ടറുകള്‍ക്കു ക്ഷാമം ഉണ്ടാകുമോയെന്ന ഭയത്താല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബുക്കിംഗ് വലിയ തോതില്‍ വര്‍ധിച്ചു. ഇതാണു ബുക്കിംഗ് നിലയ്ക്കാന്‍ കാരണമായത്. ഇതോടെ ഗ്രാമീണ മേഖലകളിലെ വീട്ടമ്മമാര്‍ വിറക് അടുപ്പിലേക്കു തിരിഞ്ഞിട്ടുണ്ട്.
സിലിണ്ടറുകള്‍ക്കു വില കൂടിയതിനു പിന്നാലെ വഴിയോരങ്ങളിലെ ബജിക്കടകളില്‍ ചെറുകടികള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരുന്ന പല ചെറുകടികള്‍ക്കും വില 12 രൂപയായി വര്‍ധിപ്പിച്ചു. ഇതിനു പുറമെ ആയുര്‍വേദ ആശുപത്രികളില്‍ മരുന്ന്, കഷായം ഉള്‍പ്പെടെ നിര്‍മിക്കുന്നതിനു വലിയ തോതില്‍ വാണിജ്യ സിലിണ്ടറുകള്‍ ആവശ്യമാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇവയുടെ നിര്‍മാണവും പ്രതിസന്ധിയിലായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ഗ്യാസ് അധികമായി ഉപയോഗിച്ചു പാചകം ചെയ്യുന്ന ചൈനീസ് വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഹോട്ടല്‍ മെനുവില്‍നിന്നു പുറത്തായിട്ടുണ്ട്.
ഒറ്റയടിക്കു കൂടുതല്‍ എണ്ണം തയാറാക്കാവുന്ന ഇഡ്ഡലി, ഇടിയപ്പം എന്നിവയാണു മിക്ക ഹോട്ടലുകളിലും നിന്നും രാവിലെ ലഭിക്കുന്നത്. മൃതദേഹങ്ങള്‍ വീടുകളില്‍ എത്തി ദഹിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗ്യാസ് ചേംബറുകളുടെ പ്രവര്‍ത്തനവും ഭാഗികമായി നിലച്ചിരിക്കുകയാണ്. അതേസമയം സ്വകാര്യ ഏജന്‍സികളില്‍ സിലിണ്ടറുകള്‍ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നാണ് സൂചന. ഇത്തരം സിലിണ്ടറുകള്‍ അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നതായും പരാതിയുണ്ട്.
ഹോട്ടലുകള്‍ക്കു ഷട്ടറിട്ടു തുടങ്ങി
പാചകവാതകം ലഭിക്കാതായതോടെ ജില്ലയില്‍ ഹോട്ടലുകള്‍ പലതും അടഞ്ഞുതുടങ്ങി, ഇന്നലെ വൈകുന്നേരത്തോടെ കോട്ടയത്ത് ഉള്‍പ്പെടെയുള്ള പല ഹോട്ടലുകളിലെയും പാചക വാതകം തീര്‍ന്നു. പ്രതിസന്ധിക്ക് അയവുണ്ടായില്ലെങ്കില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടും. സമാന അവസ്ഥയിലാണ് ബേക്കറികളും ബോര്‍മകളും തട്ടുകടകളും. ഇതോടെ നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെടും. 19 കിലോഗ്രാമുള്ള ഒരു വാണിജ്യ സിലിണ്ടര്‍ തിരക്കേറിയ ഹോട്ടലുകളില്‍ മൂന്നു ദിവസം ഉപയോഗിക്കാം.
പല അടുപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ നാല്, അഞ്ച് സിലിണ്ടറുകള്‍ ഒരേസമയം ഉപയോഗിക്കണം. ഇത്തരത്തില്‍ ഒരേ സമയം 15-20 സിലിണ്ടറുകള്‍ പല ഹോട്ടലുകളിലും സൂക്ഷിക്കാറുണ്ട്. ഒരാഴ്ചയായി നിയന്ത്രണത്തില്‍ നല്‍കിയിരുന്ന സിലിണ്ടറുകള്‍ ഇന്നലെ മുതല്‍ ഹോട്ടലുകള്‍ക്കു ലഭിക്കാതായതാണു തിരിച്ചടിയായത്.
വിഭവങ്ങളുടെ വൈവിധ്യവും ചോറിനൊപ്പം നല്കുന്ന കറികളുടെ എണ്ണവുമൊക്കെ കുറച്ചു തത്കാലം പിടിച്ചുനില്‍ക്കാനാണു പല ഹോട്ടലുകളുടെയും ശ്രമം. സ്ഥലവും സൗകര്യവുമുള്ളവര്‍ വെള്ളം തിളപ്പിക്കുന്നതും ചോറു വയ്ക്കുന്നതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ വിറക് അടുപ്പിലേക്കു മാറ്റാനും ശ്രമം തുടങ്ങി. നഗര പ്രദേശങ്ങളില്‍ പല ഹോട്ടലുകള്‍ക്കും ഇതിനുള്ള സൗകര്യങ്ങളില്ല.
പെട്ടെന്ന് വിറക് അടുപ്പ് സംവിധാനം ഒരുക്കുക സാധ്യമല്ല. നാട്ടിന് പുറങ്ങളിലെ ഹോട്ടലുകളില്‍ മാത്രമാണ് നിലവില്‍ വിറക് അടുപ്പ് സംവിധാനമുള്ളത്.
ഹോട്ടല്‍ വ്യവസായത്തെ അവശ്യ മേഖലയിലുള്‍പ്പെടുത്തി പാചക വാതകം സുഗമമായി എത്തിക്കാന്‍ സൗകര്യമൊരുക്കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നു ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എന്‍. പ്രതീഷ് പറഞ്ഞു. വിഭവങ്ങളുടെ എണ്ണം കുറച്ചു ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പുകുട്ടി പറഞ്ഞു.
വിറക് കിട്ടാനില്ല, വില കുതിച്ചുകയറി
മുന്‍കാലങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനായി എല്ലാ കുടുംബങ്ങളിലും വിറക് ശേഖരിച്ചു വയ്ക്കുക പതിവായിരുന്നു. അടുത്തകാലത്ത് വിറകിന് ആവശ്യക്കാരില്ലായിരുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വിറക് വില്പനക്കാര് ധാരാളമുണ്ടായിരുന്നെങ്കിലും കച്ചവടക്കാര്‍ പകുതിയില്‍ താഴെയായി കുറഞ്ഞു. ഏതാനും നാളുകളായി ഒരു കെട്ട് വിറക് 70 രൂപ നിരക്കിൽ വില്പന നടത്തിയിരുന്നത് ഇപ്പോൾ 100 രൂപയായി ഉയര്‍ന്നു.
വാണിജ്യ സിലിണ്ടറുകള്‍ക്കു നിയന്ത്രണംഏര്പ്പെടുത്തുകയും ഗാര്‍ഹിക സിലിണ്ടറുകളുടെ ബുക്കിംഗ് നടത്തുന്നതിനുള്ള ദിവസങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തതോടെ വിറകിനു ഡിമാന്‍ഡ് വര്‍ധിച്ചു. ഇതോടെയാണു വിലയും വര്‍ധിപ്പിച്ചത്. വരും ദിവസങ്ങളിലും പ്രതിസന്ധി തുടര്‍ന്നാല്‍ വില 120 രൂപയിലേക്ക് എത്തിയേക്കുമെന്നു കച്ചവടക്കാര്‍ പറയുന്നു.
ഏതാനും നാളുകളായി നമ്മുടെ നാട്ടിലെ റബര്‍ തോട്ടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിറക് ലോഡുകണക്കിനു തമിഴ്നാട്ടിലേക്കാണ് കയറി പോകുന്നത്. ഇവിടങ്ങളില്‍ സ്റ്റീം ഫാക്ടറികളാണു വിറക് വാങ്ങിയിരുന്നത്.
"കരിഞ്ചന്ത തടയണം’
ജില്ലയില്‍ പാചകവാതക വിതരണത്തിലുള്ള നിയന്ത്രണങ്ങളും വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതും ജില്ലാ ഭരണകൂടം നിരീക്ഷിക്കാത്തതു കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ്.
സിലിണ്ടര്‍ ക്ഷാമം വന്നതോടെ സ്വകാര്യ ഗ്യാസ് വില്പനക്കാര് സിലിണ്ടറിന് അധികമായി വാങ്ങുന്നത് എഴുനൂറു രൂപ വരെയാണെന്ന് എബി ഐപ്പ് ആരോപിച്ചു. നിലവില്‍ ഗ്യാസ് ഏജന്‍സികളില്‍ വാണിജ്യ സിലിണ്ടറുകളുടെ കരുതല്‍ ഉണ്ടെന്നിരിക്കെ വിതരണ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനുശേഷം കൃത്യമായ പരിശോധനകള്‍ നടത്തിയില്ലെങ്കില്‍ കരിഞ്ചന്ത വ്യാപകമാകും.
ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്കിടയില്‍ അധിക വില വാങ്ങി സിലിണ്ടര്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എബി ഐപ്പ് ആവശ്യപ്പെട്ടു.
Tags : nattu visheshsam Bookings have stopped