പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ ലംഘിച്ച് യുഡിഎഫിലുണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നേതൃത്വം ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മേൽപ്പറഞ്ഞ നാല് മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽ ഇവിടങ്ങളിലെ ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ചല്ല യൂണിയൻ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുള്ളത്. സ്വകാര്യമായി ചുരുക്കം ചിലയാളുകൾ കൈകൊണ്ട തീരുമാനം മുന്നണിയുടെ താത്പര്യത്തിന് നിരക്കുന്നതല്ല.
മുൻകാലങ്ങളിലെ സ്റ്റാറ്റസ്കോ പ്രകാരം യുഡിഎഫ് അടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൾ ഹമീദിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും ചില വ്യക്തികളുടെ ഗ്രൂപ്പ് താത്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പ് അലങ്കോലമാകുന്ന സാഹചര്യം സംജാതമായതെന്ന് ഭാരവാഹികളായ എ.കെ. നാസർ, എസ്. അബ്ദുസലാം (പെരിന്തൽമണ്ണ ), അഡ്വ. ടി. കുഞ്ഞാലി (മങ്കട), പി.എ. സലാം (മലപ്പുറം), പി.എച്ച്. ഷമിം, കണ്ണിയൻ അബൂബക്കർ (മഞ്ചേരി) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Tags : Local News Nattuvishesham Malappuram