ചീരാലിൽ കടുവ ആക്രമണത്തിൽ പരിക്കേറ്റ പശു.
സുൽത്താൻ ബത്തേരി: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്.
ചെറുമല അബ്ദുൾ അസീസിന്റെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. തൊഴുത്തിൽ ബഹളം കേട്ട് ഉണർന്ന വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളിൽ മറഞ്ഞു.
സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാൽ. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത് വനമില്ല. പ്രദേശത്തെ കാടുപിടിച്ച തോട്ടത്തിൽനിന്നാണ് കടുവ എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാർ.
Tags : Local News Nattuvishesham Wayanad