വെള്ളരിക്കുണ്ട്: 40 അടി ആഴമുള്ള കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേനാംഗങ്ങൾ സുരക്ഷിതമായി കരകയറ്റി. വെള്ളരിക്കുണ്ടിലെ ജോൺസൺ കുളിരിപ്പളാക്കലിന്റെ രണ്ടു വയസുള്ള പശുവാണ് തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ അകപ്പെട്ടത്.
പശുവിനെ കരയ്ക്കെത്തിക്കാൻ വഴിയൊന്നും കാണാതിരുന്നതോടെ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. തുടർന്ന് ചീമേനി അഗ്നിരക്ഷാനിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി. സുമേഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് ഡേവിഡ് നേരിട്ടു കിണറ്റിലിറങ്ങിയാണ് പശുവിനെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് കരകയറ്റിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. ഗോപി, കെ. പ്രിയേഷ്, രോഹിത്, ഹോം ഗാർഡ് ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.