മൂന്നാർ സിഎസ്ഐ പള്ളിയോടു ചേർന്ന് വൈദികർ താമസിച്ചിരുന്ന കെട്ടിടത്തിനു മുൻഭാഗത്ത് ഭൂമിയിൽ വിള്ളൽ രൂപപ്പെട്ട നിലയിൽ.
മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്ഐ പള്ളിക്കു സമീപം ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടു. പള്ളിയോടു ചേർന്ന് വൈദികർ താമസിക്കുന്ന മന്ദിരത്തിന്റെ മുന്നിൽനിന്നാണ് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ മന്ദിരവും അപകടാവസ്ഥയിലായി. മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്തു സ്ഥലം സന്ദർശിച്ച ദേവികുളം സബ് കളക്ടർ വി. എം. ആര്യ വൈദികരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു.
ഈ ഭാഗത്ത് ദേശീയപാതയിൽ മൂന്നാറിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെ ഗതാഗതം പൂർണമായും നിരോധിച്ചു. നിലവിൽ ദേവികുളം ഭാഗത്തേക്ക് പോകുന്ന പാലത്തിലൂടെയാണ് മൂന്നാർ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്. ദേശീയപാത നിർമാണത്തത്തുടർന്നാണ് ഇത്തരത്തിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സ്ഥലത്ത് പരിശോധന നടത്തിയശേഷം അപകടസാധ്യത സംബന്ധിച്ച് റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നു സബ് കളക്ടർ അറിയിച്ചു.
Tags : Nattuvishesham District news