കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി(ഓട്ടോണമസ്)യിൽ നടന്ന നിദർശന 26 വിദ്യാരംഭച്ചടങ്ങും രജതജൂബിലി വർ
കൊരട്ടി: ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികൾ മറികടന്നു വിദ്യാർഥികേന്ദ്രീകൃതവും കാലാനുസൃതവുമായ സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്. കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (ഓട്ടോണമസ്) യിൽ നടന്ന നിദർശന-26 വിദ്യാരംഭച്ചടങ്ങും രജതജൂബിലി വർഷത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. പുതുതായി ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കു പ്രവേശനം നേടിയ വിദ്യാർഥികളുടെ വിദ്യാരംഭച്ചടങ്ങും രജതജൂബിലി ലോഗോ പ്രകാശനവും നടന്നു.
നെസ്റ്റ് പദ്ധതിയുടെ ധാരണാപത്രം വികാരി ജനറാൾ മോണ്. ആന്റോ ചേരാന്തുരുത്തി കൈമാറി. കോളജ് മാഗസിനും ന്യൂസ് ലെറ്ററും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യനും വാർഡ് അംഗം സിബി തോമസും ചേർന്നു പ്രകാശനംചെയ്തു. അക്കാദമികമികവ് പുലർത്തിയ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. അധ്യാപകർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. നൈപുണ്യ കോളജ് സ്ഥാപക ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ, പിടിഎ പ്രതിനിധി വിനോദ്കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിമ്മി കുന്നത്തൂർ എന്നിവർ പ്രസംഗിച്ചു.
സർക്കാരിന്റെ വിദ്യാഭ്യാസ ദർശനത്തിൽ പ്രതീക്ഷ: മാർ ജോസഫ് പാംപ്ലാനി
കൊരട്ടി: പുതിയ സർക്കാരിന്റെ വിദ്യാഭ്യാസനയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായ കൃത്യവിലോപം സംസ്ഥാനത്തിനു വലിയ നഷ്ടമുണ്ടാക്കിയെന്നും ദിശാബോധമുള്ള ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം പിന്നാക്കം പോയതോടെ അയൽസംസ്ഥാനങ്ങൾ ആകർഷിക്കാൻ തുടങ്ങി.
പഠനത്തിനായി വിദേശരാജ്യങ്ങളിലേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ മാതാപിതാക്കൾക്കു സാന്പത്തികബാധ്യതയും മാനസികസമ്മർദവും നേരിടേണ്ടിവരുന്നു. വിദ്യാഭ്യാസരംഗത്ത് നിസ്വാർഥമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അനാവശ്യ നിയന്ത്രണങ്ങളിലൂടെ ശ്വാസംമുട്ടിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
Tags : Nattuvishesham District news