ഷൊർണൂരിലെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം.
ഷൊർണൂർ: കുളപ്പുള്ളി റോഡിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ചതിനെതിരേ വിമർശനം. സിഗ്നൽ സംവിധാനം ജനങ്ങളെ കളിയാക്കുന്നതിനു തുല്യമാണന്നാണ് ആക്ഷേപമുയരുന്നത്.
കഴിഞ്ഞ അഞ്ചുവർഷക്കാലമായി പണിതീരാത്ത തകർന്നടിഞ്ഞ ഷൊർണൂർ- കുളപ്പുള്ളി റോഡ് ഗതാഗതയോഗ്യമാക്കാൻ സാധിക്കാത്തവർ മറ്റു പരിഷ്കാരങ്ങൾകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണന്നാണ് വിമർശനം.
എംഎൽഎയും പൊതുമരാമത്ത് വകുപ്പും നഗരസഭാ ഭരണസമിതിയും റോഡ് വിഷയത്തിൽ കടുത്ത അലംഭാവമാണ് വച്ചുപുലർത്തുന്നതെന്നാണ് വിമർശനം.
ഷൊർണൂരിലെ ജനങ്ങളോടു അൽപ്പമെങ്കിലും നീതി കാണിക്കണമെന്നു നഗരസഭയിലെ പ്രതിപക്ഷ നേതാവ് ഇ.പി. നന്ദകുമാറും ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻവച്ച് പന്താടുന്ന സമീപനം അവസാനിപ്പിക്കാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുളപ്പുള്ളി- ഷൊർണൂർ റോഡിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടും ജനങ്ങളുടെ ദുരിതം കാണാതെ ഇവർക്ക് മുന്നിലൂടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ സിഗ്നൽ വച്ചവർ നാളെ ടോൾപിരിവ് നടത്താനും മടിക്കില്ലന്നു കോൺഗ്രസ് നേതാക്കളും ആരോപിച്ചു.