വടക്കഞ്ചേരി ടൗൺ റോഡിലൂടെ ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കൾ.
നാടും നഗരവുമെല്ലാം തെരുവുനായ്ക്കളുടെ പിടിയിലാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ എല്ലാവരും ആക്രമിക്കപ്പെടുന്നു. പുതിയ അധ്യയന വർഷം കടന്നെത്തുന്പോൾ ഒരുപോലെ ഭീതിയിലാണ് വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം. അക്രമകാരികളായ തെരുവുനായ്ക്കൾക്കു ദയാവധമെന്ന
സുപ്രീംകോടതി വിധിയിലാണ് ഓരോരുത്തരുടെയും ആശ്വാസം. വിധിപ്രസ്താവം സ്വാഗതം ചെയ്യുകയാണ് എല്ലാവരും. മനുഷ്യന്റെ സുരക്ഷ തന്നെയാണ് പ്രധാനമെന്നു എല്ലാവരും പറയുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതികരണങ്ങൾ...
വടക്കഞ്ചേരി ടൗണിലും പരിസരത്തും തെരുവുനായശല്യം രൂക്ഷമാണെന്ന് പഞ്ചായത്ത് ഭരണസമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നതു ഒഴിവാക്കണം. ഭക്ഷണ ലഭ്യത കൂടുന്നിടത്താണ് നായ്ക്കളും പന്നികളും പെരുകുന്നത്.
ഇതു തടയാൻ മുന്നറിയിപ്പു ബോർഡുകളും ബോധവത്കരണ പരിപാടികളെല്ലാം തുടരുന്നുണ്ടെങ്കിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന സ്ഥിതി ടൗണിന്റെ പല ഭാഗത്തുമുണ്ട്. ഇതിനാൽ മാലിന്യങ്ങൾ തള്ളുന്ന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം ബ്ലോക്ക് തലത്തിലുള്ള വന്ധീകരണ നടപടികളുടെ ഭാഗമായി അതിനുള്ള ഫണ്ട് കണ്ടെത്തി സ്റ്റോക്കിന് കൈമാറി പദ്ധതി വിജയിപ്പിക്കാനുള്ള ഊർജിത പ്രവർത്തനങ്ങളും നടന്നുവരികയാണ്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തീരുമാനിക്കുന്ന നിയന്ത്രണ സംവിധാനങ്ങൾ പരമാവധി പഞ്ചായത്തിൽ നടപ്പിലാക്കുവാനും പ്രതിജ്ഞാബദ്ധമാണ്.
- സി. പ്രസാദ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
നായക്കൂട്ടങ്ങളാണ് സ്കൂൾമുറ്റം നിറയെ. സ്കൂൾ തുറന്നാലും ഈ സ്ഥിതി തുടർന്നാൽ അതു വലിയ പ്രശ്നമായി മാറും. കുട്ടികൾക്ക് പുറത്തിറങ്ങാനാകില്ല. സ്കൂൾ മുറ്റത്തും സമീപത്തും തമ്പടിക്കുന്ന തെരുവുനായ്ക്കളെ പിടികൂടണം.
സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കേ പഞ്ചായത്തും ബന്ധപ്പെട്ടവരും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
-സിസ്റ്റർ റോസ്മിൻ വർഗീസ്, ഹെഡ്മിസ്ട്രസ്, ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ, വടക്കഞ്ചേരി.
അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള സുപ്രീംകോടതി ഉത്തരവ് ഏറെ സ്വാഗതാർഹമാണ്. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും മുമ്പേ വടക്കഞ്ചേരി ടൗണിലെ തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലാക്കണം.എബിസി പദ്ധതി നടപടികളും സ്വീകരിക്കണം.
കഴിഞ്ഞ നവംബറിലാണ് ടൗണിൽ തിരുവറ റോഡിൽ പുളിംപറമ്പിൽ കിടപ്പുരോഗിയായ വിശാലം എന്ന വീട്ടമ്മയെ തെരുവുനായ് കടിച്ചുവലിച്ച സംഭവമുണ്ടായത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ പഞ്ചായത്ത് ഉണർന്നുപ്രവർത്തിക്കണം. ടൗണിന്റെ പല ഭാഗത്തും നായ്കൂട്ടങ്ങളുണ്ട്.
- പി.കെ. ഗുരു, ബിജെപി ആലത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ്.
തെരുവുനായ്ക്കളെകൊണ്ട് ഏറ്റവും ദുരിതമനുഭവിക്കുന്നവരാണ് വ്യാപാരികൾ. ഒരുമാസം മുമ്പാണ് ടൗണിൽ നിരവധി യാത്രക്കാർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവമുണ്ടായത്. ടൗണിൽ പലഭാഗത്തായി തെരുവുനായ്ക്കളുടെ കൂട്ടങ്ങളുണ്ട്. ടൗൺ റോഡുകളിൽ നടക്കുന്ന പച്ച മത്സ്യ വില്പന നായ്ക്കൾ പെരുകാൻ കാരണമാകുന്നു. മത്സ്യങ്ങളുടെ വേസ്റ്റ് തള്ളുന്നതും വഴിയോരത്താണ്. ഇതു ഭക്ഷിക്കാനാണ് നായ്ക്കൾ കൂടുന്നത്. നായ്ക്കളെ ഉന്മൂലനം ചെയ്യേണ്ടത് തദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. അത് കൃത്യമായി നടപ്പിലാക്കണം.
ഈ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയും ശ്രദ്ധേയമാണ്. അനിമൽ ബർത്ത് കൺട്രോൾ നടപ്പിലാക്കണം. പഞ്ചായത്ത് അതിനു നടപടി സ്വീകരിക്കണം. സ്കൂൾ തുറക്കാനിരിക്കെ ടൗണിലൂടെ പിഞ്ചുകുട്ടികൾ യാത്ര ചെയ്യേണ്ടതുണ്ട്. അവർക്ക് സുരക്ഷയുണ്ടാകണം. പഞ്ചായത്തിന്റെ മാലിന്യനിർമാർജന യജ്ഞങ്ങൾക്ക് വ്യാപാരികളുടെ പൂർണപിന്തുണയുണ്ടാകും.
-കെ.എം. ജലീൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ്.
തെരുവുനായശല്യം ഏറ്റവും വലിയ ഒരു സാമൂഹ്യ പ്രശ്നമായി ഈ കൊച്ചു കേരളത്തിൽ മാറിയിരിക്കുകയാണ്. തെരുവുനായ ശല്യം കുട്ടികളെയും അമ്മമാരെയും പ്രായമായവരെയും ആക്രമിക്കുന്ന വാർത്ത നിത്യേന പത്രമാധ്യമങ്ങളിൽ കാണുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് വളരെ അടിയന്തരമായ ശ്രദ്ധ ഈ മേഖലയിലുണ്ടാകണം. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുക, അവശതയുളളവയെ സംരക്ഷണ കേന്ദ്രത്തിലാക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.
-ഡോ: അച്ചുതൻ പനച്ചിക്കുത്ത്, റിട്ടയേഡ് അധ്യാപകൻ,
മണ്ണാർക്കാട്.
തെരുവുനായ ശല്യം കാരണം കുട്ടികൾക്ക് സ്കൂളിൽ പോകാനും മറ്റും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പലരെയും തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവം കോട്ടോപ്പാടത്തുണ്ടായി. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയുമില്ല. അധികൃതർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നാണ് അഭിപ്രായം.
-സുരേഷ് ബാബു, കോട്ടോപ്പാടം.
തെരുവുനായ്ക്കളുടെ വന്ധീകരണം കൃത്യമായി നടക്കാത്തതാണ് ഇവ പെറ്റു പെരുകാൻ കാരണം. ഇവയുടെ വന്ധീകരണം കൃത്യമായും കാര്യക്ഷമമായും നടത്തി പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കണം.
-സി. സുന്ദരൻ, കർഷകൻ, ആലത്തൂർ.
പെരുമാട്ടി ഗ്രാമ പഞ്ചായത്തിൽ തെരുവുനായശല്യം അനുദിനം കൂടിവരികയാണ്. കഴിഞ്ഞാഴ്ച സുപ്രീം കോടതി സുപ്രധാനവിധി പ്രസ്താവിച്ചതായറിയുന്നു. നിലവിൽ വിദ്യാർഥികൾ സ്കൂളുകളിലേക്കു പോയി തിരിച്ചുവരുന്നതുവരെ രക്ഷിതാക്കൾ നായപ്പേടിയിൽ ആശങ്കയിലാണ് കഴിച്ചു കൂട്ടുന്നത്.
വഴി യാത്രക്കാരുടെ നിലയും സമാനമാണ്. മുൻപ് തെരുവുനായകളെ പിടികൂടി വന്ധീകരണം നടത്തി തിരിച്ചുവിടുന്ന പ്രക്രിയ നിലച്ച മട്ടിലാണ്. നിലവിൽ കോടതി ഉത്തരവ് പാലിച്ച് ശല്യക്കാരായ നായകൾക്കു ദയാവധം നൽകാൻ അധികൃതർ യുദ്ധകാലടിസ്ഥാനത്തിൽ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്.
-കെ. സുരേഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
ഗ്രാമീണപാതകളിൽ കാൽനട, ഇരുചക്രവാഹന സഞ്ചാരം ഭീതിജനകമാണ്. പകൽ സമയങ്ങളിൽ ഒളിച്ചുകഴിയുന്ന നായകൾ രാത്രിയാവുന്നതോടെ റോഡുകളിലാണ് തമ്പടിക്കുന്നത്.
തെരുവുനായകൾക്ക് കോടതി ദയാവധം അനുവദിച്ചതിനാൽ ശല്യക്കാരെ നായകളെ ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം.
- പി. കൽപ്പനാദേവി, മുതലമട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
തെരുവുനായശല്യം സ്വയം സമൂഹത്തിലുണ്ടായ ഒന്നല്ല. പലരുടെയും വീട്ടിൽ ജനിക്കുന്ന നായക്കുഞ്ഞുങ്ങളെ റോഡിൽ ഉപേക്ഷിക്കുന്നതാണ്. ബാക്കിവരുന്ന ഭക്ഷണപദാർഥങ്ങളും മറ്റും തെരുവിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതും തെരുവുനായ്ക്കൾസ്ഥിരം തമ്പടിക്കാൻ കാരണമാകുന്നുണ്ട്.
പിന്നീടിവ പെറ്റുപെരുകി ജനങ്ങൾക്കു ഉപദ്രവമായി മാറുന്നു. എന്തുകൊണ്ട് ഇവയെ പുനരധിവസിപ്പിക്കാൻ ശ്രമിച്ചു കൂടാ ? ഓരോ പഞ്ചായത്തിലും ഒരു ഷെൽട്ടർ ഹോമുണ്ടാക്കിയാൽ ശല്യമുണ്ടാവുകയില്ല. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ നാട്ടിൽ നിന്നും തെരുവുനായശല്യമെന്നതു പൂർണമായും ഒഴിവാക്കുവാൻ സാധിക്കുകയുള്ളൂ.
-രാഖി, എഎസ്ഐ, മലന്പുഴ സ്റ്റേഷൻ.
തെരുവുനായ്ക്കളുടെ എണ്ണം പെരുകുകയും നാനാവിഭാഗം ആളുകൾക്ക് ഭീഷണിയാവുകയും ചെയ്യുന്നത് കാണാതിരിക്കാൻ കഴിയില്ല. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശവും സുരക്ഷയും ഉറപ്പാക്കേണ്ടത് ഏതൊരു സമൂഹത്തിന്റെയും പ്രാഥമിക കടമയാണ്. ഈ വിഷയത്തിൽ വൈകാരികമായ സമീപനങ്ങൾക്കപ്പുറം അടിയന്തരവും ശാശ്വതവുമായ പരിഹാരമാണുണ്ടാകേണ്ടത്.
അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഇതിനായുണ്ടാകണം. അക്രമകാരികളായ നായ്ക്കളെ തെരുവിൽനിന്ന് മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ഷെൽട്ടറുകൾ ഒരുക്കുക, വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും കൂടുതൽ ശ്രദ്ധ പതിപ്പിക്കണം.
മൃഗങ്ങളോടുള്ള കാരുണ്യം നിലനിർത്തിക്കൊണ്ടുതന്നെ, മനുഷ്യരുടെ സമാധാനപരമായ ജീവിതം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിക്കണം.
യു.എ. റഷീദ് അസ്ഹരി അൽ ഹികമി- ചീഫ് ഇമാം,
വാടാനാംകുറുശ്ശി വില്ലേജ് ജുമാമസ്ജിദ്.നായയുടെ കടിയേൽക്കാതെ ജീവിക്കുകയെന്നതു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണ്. തെരുവുനായ്ക്കളെ വന്ധീകരിക്കാനുള്ള നടപടി അധികാരികൾ സ്വീകരിക്കണം. തെരുവുനായ്ക്കളുടെ കടിയേൽക്കാതെ കുട്ടികളെയും വയോധികരെയും സംരക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. വിദേശപൗരന്മാർ തെരുവുനായയുടെ ആക്രമണത്തിനിരകളാകുന്നത് രാജ്യത്തിനുതന്നെ അപമാനമാണ്.
ഭരണകൂടം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.നായയുടെ കടിയേൽക്കാതെ ജീവിക്കുകയെന്നതു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണ്. തെരുവുനായ്ക്കളെ വന്ധീകരിക്കാനുള്ള നടപടി അധികാരികൾ സ്വീകരിക്കണം. തെരുവുനായ്ക്കളുടെ കടിയേൽക്കാതെ കുട്ടികളെയും വയോധികരെയും സംരക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. വിദേശപൗരന്മാർ തെരുവുനായയുടെ ആക്രമണത്തിനിരകളാകുന്നത് രാജ്യത്തിനുതന്നെ അപമാനമാണ്. ഭരണകൂടം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.
- എം ദണ്ഡപാണി (മധു), പ്രവാസി, തോട്ടപ്പുര, മലന്പുഴ.
രാത്രിയായാൽ വടക്കഞ്ചേരിടൗൺ തെരുവുനായ്ക്കൾ കൈയ്യടക്കുന്ന സ്ഥിതിയാണ്. വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുപാഞ്ഞെത്തും. ചെറുപുഷ്പം ജംഗ്ഷനിലും ഗ്രാമംറോഡിലും കമ്മാന്തറയിലും കെഎഎം ജംഗ്ഷനിലും ബസ് സ്റ്റാൻഡിനു മുന്നിലും സ്റ്റാൻഡിലും നായ്ക്കൂട്ടങ്ങളാണ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണം.
കുര്യൻ മാസ്റ്റർ, പുളിയംപള്ളിൽ, മണപ്പാടം
തെരുവുനായ്ക്കൾ തെരുവിൽ അപകടകരമാണ്. അവയെ ഷെൽട്ടറുകളിലേക്കു മാറ്റണം. അങ്ങനെ ചെയ്താൽ ക്രമേണ ഈ പ്രശ്നം മാറ്റിയെടുക്കാൻ കഴിയും. ഒരു ജീവിയേയും തെരുവിൽ അലയാൻ വിടരുത്. തെരുവ് ഒരുജീവിയുടെയും ആവാസകേന്ദ്രമല്ല.
-കെ. പഴണിമല, സെക്രട്ടറി, പ്രകൃതി പഠന കൗൺസിൽ, ആലത്തൂർ.
തെരുവുനായ്ക്കളുടെ ശല്യം വളരെ കൂടുതലാണ്. അവയെ പിടികൂടി വന്ധീകരിക്കുന്നുണ്ടെങ്കിലും പിന്നീട് തെരുവിൽതന്നെ വിടുന്നത് അപകടകരമായാണ് കാണുന്നത്. അവയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച് നായ്ക്കളുടെ ശല്യം ജനങ്ങൾക്കിടയിൽനിന്ന് ഒഴിവാക്കാവുന്നതാണ്.
-പി. വിജയൻ, മുൻ പഞ്ചായത്ത് മെംബർ,
ആലത്തൂർ.
മനുഷ്യന് ഉപദ്രവകാരികളായ എല്ലാ മൃഗത്തിനേയും ദയാവധം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള അനുകൂല തീരുമാനം കൈകൊള്ളേണ്ടതായ സമയം അതിക്രമിച്ചു. സമയം ഏറെ വൈകിപ്പോയി എന്നുതന്നെ പറയാം. മനുഷ്യന്റെ ജീവനാണ് അധികൃതർ മുൻഗണന നൽകേണ്ടത്.
മുൻകാലങ്ങളിൽ തെരുവു നായകളെ തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർ പിടികൂടി നശിപ്പിച്ചിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് നായപ്പേടിയില്ലാതെ സുരക്ഷയോടെ പോയിവരാൻ കഴിയാത്ത സാഹചര്യം മാറണം.
- പി.എസ്. ശിവദാസ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്.
തെരുവുനായശല്യം അതിരൂക്ഷമായ പ്രശ്നമായി വളർന്നുകഴിഞ്ഞിട്ടുണ്ട്. അതിനുള്ള പരിഹാരമായി സുപ്രീംകോടതി ഇപ്പോൾ നിർദേശിച്ചിട്ടുള്ള ശല്യക്കാരായവയെ "കൊന്നുകളയുക" എന്നത് സ്വാഗതാർഹമായ ഒരു കാര്യമായി തോന്നുന്നില്ല. നമുക്ക് ശല്യമാവുന്നതിനെയൊക്കെ നശിപ്പിച്ചുകളയാം എന്ന തെറ്റായ ഒരുസന്ദേശം അതിൽ അടങ്ങിയിട്ടുണ്ട്.
ഭാവിയിൽ അതു പലവിധത്തിൽ വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുണ്ട്. സുപ്രീംകോടതിവിധികൾ നിയമത്തിന്റെ തന്നെ സ്വഭാവമുള്ളതാണ്. യൂറോപ്പ് പോലെയുള്ള വികസിതരാജ്യങ്ങളിലെല്ലാം വന്ധ്യംകരണം നടത്തിയും ജനനനിയന്ത്രണം ഫലപ്രദമാക്കിയും ഷെൽട്ടറുകളിൽ പാർപ്പിച്ചും ഈ പ്രശ്നത്തെ അവർ വിജയകരമായി നേരിട്ടുണ്ട്.
നമ്മുടെ ഭരണ സംവിധാനം കാര്യക്ഷമമായാലേ ഇതൊക്കെ നടക്കുകയുള്ളു. അതിന് ഊന്നൽ നൽകുകയാണ് ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടത്.
-കെ.പി.എസ്. പയ്യനെടം, സാഹിത്യകാരൻ
കുഞ്ഞുങ്ങളും വയോധികരും ആണ് തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ കൂടുതലും ഇരകളായി മാറുന്നത്. മനുഷ്യർ അടക്കമുള്ള സർവ ജീവജാലങ്ങൾക്കും സംരക്ഷണം നൽകേണ്ട ആവശ്യമുണ്ട്. സമൂഹത്തിന് ഉപദ്രവകാരികളാകുന്ന മനുഷ്യരെ ജയിലിൽ അടയ്ക്കുന്നുണ്ട്. അതുപോലെ തെരുവുനായകളെയും, അവരുടെ വർധനവിനെയും ക്രിയാത്മകമായി നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഉണർന്നെഴുന്നേറ്റേ മതിയാകൂ. ഉപദ്രവകാരികൾ ആകുന്ന ഇവയെ പ്രത്യേക ഷെൽട്ടർ കണ്ടെത്തി അവിടെയാക്കുകയോ, പേ ബാധിച്ച നായകളുണ്ടെങ്കിൽ അവയെ കൊല്ലുവാനും വേണ്ട നടപടികൾ സ്വീകരിക്കണം.
-എൻ. കൃഷ്ണകുമാർ, വലിയപാടം, മാട്ടുമന്ത, മലന്പുഴ.
തെരുവുനായശല്യം നാട്ടിൽ വളരെ രൂക്ഷമാണ്. വന്ധീകരണ പ്രക്രിയ വേണ്ടവിധം നടത്തുന്നില്ല. റോഡരികിലേക്കും കാനാലുകളിലേക്കുംമറ്റും വലിച്ചെറിയുന്ന മാലിന്യകിറ്റുകൾ കടിച്ചുവലിക്കുന്ന തർക്കങ്ങൾ തെരുവുനായ്ക്കൾകിടയിൽ കാണുന്നു. ഇതെല്ലാം വലിച്ചിടുന്നതു റോഡിലേക്കാണ്. അതോടൊപ്പം കടിപിടി കൂടി റോഡിലേക്ക് ഓടിവരുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്നു. മാത്രമല്ല, ഗെയ്റ്റില്ലാത്ത വീടുകളുടെ ചവിട്ടുപടികളിൽ ഊരിവയ്ക്കുന്ന ചെരുപ്പുളും കടിച്ചെടുത്ത് കൊണ്ടുപോയി നശിപ്പിക്കുന്നു. അധികൃതർ പരിഹാരമുണ്ടാക്കണം.
-സി.ആർ. മിനി, ശാസ്താകോളനി, മന്തക്കാട്, മലന്പുഴ.
മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നതാണ് നായ്ക്കൾ പെറ്റുപെരുകാൻ പ്രധാന കാരണം. ഇതു കർശനമായി തടയേണ്ടതുണ്ട്. കൂടാതെ, മൃഗസംരക്ഷണത്തോടൊപ്പം മനുഷ്യന്റെ ജീവനും തുല്യപ്രാധാന്യമുണ്ടെന്നു അധികാരികൾ മനസിലാക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ തെരുവിൽ അക്രമിക്കപ്പെടുന്നു. വഴിനടക്കാൻപോലും ഭയക്കേണ്ട അവസ്ഥയാണിന്നുള്ളത്. സ്കൂൾ തുറക്കാറായി. അധികൃതർ എത്രയുംവേഗം പരിഹാരം കാണണം.
-അരവിന്ദാക്ഷൻ (കണ്ണൻ), വാരണി, കടുക്കാംകുന്നം, മലന്പുഴ.
തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ വർധനവ് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ പ്രശ്നമായി മാറിയിരിക്കുന്നു. കുട്ടികൾ, കാൽനട യാത്രക്കാർ, മുതിർന്നവർ, സ്ത്രീകൾ, ഇരുചക്ര വാഹന യാത്രക്കാർ തുടങ്ങി സർവരും ഇവയെ ഭയന്നു കൊണ്ടാണ് പുറത്തിറങ്ങുന്നത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനിരിക്കുന്ന ഈ വേളയിൽ ഇവയെ നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാരികളും ഇനിയും അമാന്തം കാണിക്കരുത്.
-സലാം സുറുമ, എടത്തനാട്ടുകര.
മണ്ണാർക്കാട് മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നിരവധിപേരെയാണ് ഇവിടെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇതിന് പരിഹാരമെന്നോണം മുൻ നഗരസഭാ ഭരണസമിതി മുക്കണ്ണത്ത് വന്ധ്യംകരണം പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ഒരുവർഷം മാത്രമാണ് പദ്ധതി നടപ്പായത്. അധികൃതരുടെ ഈ അലംഭാവമാണ് തെരുവുനായശല്യം കൂടാൻ ഇടയാക്കുന്നത്. ഈ പദ്ധതി പുനരാരംഭിക്കണം.
-രാമചന്ദ്രൻ പൂക്കുത്ത്, മുക്കണ്ണം, മണ്ണാർക്കാട്.
അക്രമകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകണമെന്ന സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. പൊതുചർച്ചയിലുടെ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണ്ടതുണ്ട്. പ്രത്യേകിച്ച് സ്കൂൾ പരിസരം തെരുവുനായശല്യം ഇല്ലാത്ത പ്രദേശമായി മാറ്റുന്നതിന് പ്രഥമ പരിഗണന നൽകേണ്ടതും അനിവാര്യമാണ്.
-എം. ശശികുമാർ , ചിറ്റൂർ- തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ.
സ്കൂളുകളിൽ പോകുന്ന കുട്ടികൾക്കും വഴിനടക്കുന്ന സ്ത്രീകൾക്കും മുതിർന്നവർക്കും തെരുവുനായ ഭയം ഏറിവരുകയാണ്. അശാസ്ത്രീമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത തെരുവുനായ്ക്കളെ ഭക്ഷണത്തിനായി ആകർഷിക്കുന്നു. മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള നിയമം കർക്കശമാക്കണം.
തെരുവുനായകളെ പിടികൂടി വന്ധ്യംകരണം ചെയ്യുക, ഷെൽട്ടറുകളിലേക്ക് അടിയന്തിരമായി മാറ്റുക, പേ വിഷബാധക്കെതിരെയുള്ള വാക്സിൻ എല്ലാ ഹോസ്പിറ്റലുകളിലും എളുപ്പത്തിൽ ലഭ്യമാക്കുക, അടിയന്തിര പ്രഥമ ശുശ്രൂഷകളെപ്പെറ്റി ജനങ്ങളെ ബോധവത്കരിക്കുക, നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ നിർദ്ദേശത്തെക്കുറിച്ച് പൊതുസമൂഹത്തിന് അറിവുനൽകുക എന്നീ കാര്യങ്ങൾ സത്വരമായി നടപ്പാക്കണം.
നായപ്രേമികളുടെ സംഘടനയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ഗൗരവമായി അന്വേഷിക്കണം.
-ഡോ. കെ.പി. വത്സകുമാർ, പാലക്കാട്.
മനുഷ്യർക്ക് ഭീഷണിയാവുന്ന തെരുവുനായകളെ ദയാവധത്തിനു വിധേയമാക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധിപേർ ദുരിതം അനുഭവിക്കുന്നു. അതിനു പുറമെ റോഡിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് വൻഭീഷണിയാണ്. നിരവധിപേർ ഇത്തരത്തിൽ മരണത്തിനു വിധേയമായിട്ടുണ്ട്. മനുഷ്യർക്ക് ഭീഷണിയാവുന്ന തെരുവുനായകളെ ദയാവധത്തിനു വിധേയമാക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.
തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധിപേർ ദുരിതം അനുഭവിക്കുന്നു. അതിനു പുറമെ റോഡിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് വൻഭീഷണിയാണ്. നിരവധിപേർ ഇത്തരത്തിൽ മരണത്തിനു വിധേയമായിട്ടുണ്ട്. നാഥനില്ലാതെ തെരുവിൽ അലയുന്ന നായ്ക്കളെ നിർബന്ധമായും ദയാവധത്തിനു വിധേയമാക്കണം. കേന്ദ്ര വന്യമൃഗ സംരക്ഷണനിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
-എസ്. സുരേഷ്, കർഷകൻ, ഓനൂർപള്ളം.
തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. വീട്ടിൽ ലാളിച്ചുവളർത്തിയ നായ്ക്കളെ തെരുവിലേക്കു വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം. നായ കുറുകെചാടി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. തെരുവുനായ്ക്കളെ ദയാവധം ചെയ്ത് ജനങ്ങളെ രക്ഷിക്കണം.
-കെ. ദിവാകരൻ, റിട്ടയേഡ് കനറാ ബാങ്ക് ഉദ്യോഗസ്ഥൻ, മലന്പുഴ.
കുമരംപുത്തൂരിൽ തെരുവുനായ ആക്രമണം പതിവാണ്. രാത്രിയിൽ എട്ടും പത്തും നായ്ക്കളാണ് നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിൽ കയറി കോഴി മാലിന്യമുൾപ്പെടെ എടുത്തുകൊണ്ടുപോകുന്ന പ്രവണതയും പതിവാണ്. എറിയാൻ തുനിഞ്ഞാൽ ഇവ അക്രമിക്കാൻ വരികയാണ്.
തെരുനായ്ക്കൾ ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. ഇതിന് അധികൃതർ ഉടൻ നടപടി കാണണം.
-ഷരീഫ്, വ്യാപാരി, കുമരംപുത്തൂർ.
മണ്ണാർക്കാട് നഗരം രാത്രിയായാൽ തെരുവുനായ്ക്കളുടെ നിയന്ത്രണത്തിലാണ്. ആശുപത്രിപ്പടി ഭാഗത്ത് അമ്പതോളം നായ്ക്കളാണ് വിരഹിക്കുന്നത്. ആളുകളെ ഒറ്റയ്ക്കുകണ്ടാൽ കുറച്ച് ഓടിവരും. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ കുരച്ച് ഓടിവരുന്നതും പതിവാണ്. ശരീരത്തിൽ വ്രണമുള്ള നായ്ക്കളും ഇവക്കിടയിലുണ്ട്. രോഗങ്ങൾ പടരുമോ എന്ന ആശങ്കയുണ്ട്. ആരോടു പരാതിപ്പെടണമെന്നറിയാത്ത അവസ്ഥയാണ്.
- കൃഷ്ണദാസ്, വ്യാപാരി, മണ്ണാർക്കാട്.
Tags : Crying screaming nattuvishesham local news