അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ ജനകീയ വിദ്യാഭ്യാസ നയരേഖ പ്രകാശനം നിർവഹിച്ച് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീ
തിരുവല്ല: കഴിഞ്ഞ എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചത് അങ്ങേയറ്റം ഇടതുപക്ഷ വിരുദ്ധതയാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. എൻഇപി 2020നു ബദലായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ ജനകീയ വിദ്യാഭ്യാസ നയരേഖ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ എംഒയുവിൽനിന്ന് പിന്മാറാൻ യുഡിഎഫ് സർക്കാർ തയാറാകണമെന്നും മാർ കൂറിലോസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കാനും കാവിവത്കരിക്കാനുമുള്ള ബ്ലൂ പ്രിന്റായ എൻഇപി 2020 കേരളത്തിൽ നടപ്പാക്കാനുള്ള രഹസ്യ ഉടമ്പടിയാണ് പിഎം ശ്രീ പദ്ധതി. ശാസ്ത്രീയ മതേതര ജനാധിപത്യ വിദ്യാഭ്യാസമാണ് ജനകീയ വിദ്യാഭ്യാസനയം മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവല്ല വൈഎംസിഎ ഹാളിൽ നടന്ന പരിപാടിയിൽ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രഫ.ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.
എം. ഷാജർ ഖാൻ, പ്രഫ. വി. എസ്. അനിൽ കുമാർ, ഡോ. അബി കോശി, ഡോ. ഡി. സുരേന്ദ്രനാഥ്, പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ, ഇ. എൻ. ശാന്തിരാജ്, പ്രഫ. ഫിലിപ്പ് എൻ. തോമസ്, ബി. കെ. രാജഗോപാൽ, ഡോ. എം. ജ്യോതിരാജ്, കെ. ആർ. അശോക് കുമാർ, ഒ. ഹാരിസ്, റെജി മലയാലപ്പുഴ, ഡോ. വിദ്യ ആർ. ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Pathanamthitta