1954ലെ റോവേഴ്സ് കപ്പിൽ പങ്കെടുക്കാനെത്തിയ മലബാർ ടീമിനു മുംബൈ മലയാളികൾ സ്വീകരണം നൽകിയപ്പോൾ. (ഫയൽ ചിത്രം)
കണ്ണൂർ: സ്പിരിറ്റഡ് യൂത്ത്സിൽ കളി തുടങ്ങിയ കെ.പി. സോമനാണ് ആദ്യമായി ഇന്ത്യൻ ടീമിലിടം നേടിയ കണ്ണൂർ സ്വദേശി. 1955ൽ സോവിയറ്റ് യൂണിയനിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമംഗമായിരുന്നു സോമൻ. ലക്കിസ്റ്റാറിൽ ബൂട്ടുകെട്ടി തുടങ്ങിയ കെ.ടി. പവിത്രൻ എന്ന പുളി പവിത്രനാണ് ദേശീയ കുപ്പായമണിഞ്ഞ രണ്ടാമൻ. 1958ൽ ടോക്കിയോ ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനം നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു പവിത്രൻ. ജില്ലയിൽനിന്ന് ഒളിന്പിക്സിൽ പങ്കെടുത്ത ഒരു ഫുട്ബോൾ താരമേയുള്ളൂ. 1960ലെ റോം ഒളിന്പിക്സ് ടീമംഗമായിരുന്ന മുണ്ട്യത്ത് ദേവദാസ്. 1958ലെ ഏഷ്യൻ കപ്പിലും ദേവദാസ് കളിച്ചു.1959 ലെ ഏഷ്യാകപ്പ് യോഗ്യതാ മത്സരം കളിച്ച ഇന്ത്യൻ ടീമിലംഗമായിരുന്നു എൻ.പി.സി.ശേഖർ എന്ന ബർമാ ചന്ദ്രൻ.
1964ലെ മെർദേക്ക കപ്പിലൂടെയാണ് ബ്രദേഴ്സിൽ കളിതുടങ്ങിയ സി. മുസ്തഫയുടെ രാജ്യാന്തര അരങ്ങേറ്റം. സർവീസസിന്റെ റൈറ്റ് ഹാഫ് കണ്ണൂർ സ്വദേശി പി.വി. മാധവനും അന്ന് ടീമിലുണ്ട്. ആ വർഷം മെർദേക്കയിൽ ഇന്ത്യ റണ്ണേഴ്സപ്പായിരുന്നു. 1970ൽ മൂന്നാംസ്ഥാനം നേടിയ ടീമിൽ മുസ്തഫയ്ക്കൊപ്പം ബ്രദേഴ്സിൽനിന്ന് മഹീന്ദ്രയിലെത്തിയ പി.എം. ശിവദാസുമുണ്ടായിരുന്നു. ഏഷ്യാഡ് മെഡൽ നേടിയ കണ്ണൂരിലെ ഏക ഫുട്ബോൾ കളിക്കാരനാണ് ശിവദാസ്. 1970ലെ ബാങ്കോക്ക് ഏഷ്യാഡിലായിരുന്നു വെങ്കലനേട്ടം. 1972ലെ ബർമയിലെ റംഗൂണിൽ നടന്ന പ്രി ഒളിന്പിക്സ് മത്സരത്തിൽ ശിവദാസിനൊപ്പം ഇന്ത്യൻ ടീമംഗമായിരുന്നു കണ്ണൂർ സ്വദേശി കൊമ്മാച്ചി ഹാഷിം.
സർവീസസിന്റെ ലെഫ്റ്റ് ഔട്ട് നാക്കടി ജയരാമൻ ഇന്ത്യയിൽ പര്യടനം നടത്തിയ റഷ്യയിലെയും അമേരിക്കയിലെയും ടീമുകൾക്കെതിരെ കളിച്ച ഇന്ത്യൻ ഇലവനിൽ അംഗമായി. 1976ൽ സോളിൽ നടന്ന പ്രസിഡന്റ്സ് കപ്പിൽ തലശേരി സ്വദേശിയായ സർവീസസ് താരം എം.അൽഫോൻസ് ബൂട്ടുകെട്ടി. കണ്ണൂർ സ്വദേശിയായ എം.ഭരതൻ 1976ലെ മെർദേക്ക കപ്പിൽ കളിച്ചു. കണ്ണൂരിൽ കളി തുടങ്ങിയ ഇവരെല്ലാം മുംബയിലെയും കോൽക്കത്തയിലെയും ക്ലബുകളിലൂടെയും പട്ടാള ടീമുകളിലൂടെയുമാണ് ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
ഇതിൽനിന്ന് വ്യത്യസ്തമായിരുന്നു കണ്ണൂർ പൊലിസിന്റെ കളിക്കാരനായ പി.കെ. ബാലചന്ദ്രന്റെ രാജ്യാന്തര അരങ്ങേറ്റം. സംസ്ഥാന ടീമിൽ പോലും കളിക്കാതെയാണ് ബാലചന്ദ്രൻ 1976ൽ സോളിൽ നടന്ന പ്രസിഡന്റ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലിടം നേടിയത്. 1983ൽ വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമംഗമായിരുന്നു ബ്രദേഴ്സിൽ കളിതുടങ്ങിയ ടൈറ്റാനിയത്തിലെത്തിയ പയ്യാന്പലത്തെ എം.പി. അശോകൻ.
ആദ്യമായി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ കണ്ണൂർ സ്വദേശി പാനൂർ മേക്കുന്നിലെ വി.പി. സത്യനാണ്. ലക്കിസ്റ്റാറിൽ കളി തുടങ്ങിയ സത്യൻ പിന്നീട് ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായി. 1985ൽ ധാക്കയിൽ നടന്ന സാഫ് ഗെയിംസിലായിരുന്നു സത്യന്റെ അരങ്ങേറ്റം.1990ൽ മാലിദ്വീപിൽ നടന്ന പോമിസ് കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു കെൽട്രോണിന്റെ കെ.വി.ശിവദാസ്. 1993ൽ ഇന്ത്യൻ ടീമിലെത്തിയ വി.പി. ഷാജി നിരവധി ദേശീയ കുപ്പായമണിഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റനായ മറ്റൊരു കണ്ണൂർക്കാരനാണ് കെ.വി. ധനേഷ്. 1995 മുതൽ 2003 വരെ ഇന്ത്യൻ പ്രതിരോധനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ എടച്ചൊവ്വ സ്വദേശി. 1997ൽ ശ്രീലങ്ക, 2002ലെ ഇംഗ്ലണ്ട് പര്യടനങ്ങളിൽ രാജ്യത്തെ നയിച്ചു. കണ്ണൂർ സിറ്റിയിലെ എം. നജീബ് ആറ് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യ ജഴ്സിയണിഞ്ഞു. 1995ലായിരുന്നു രാജ്യാന്തര അരങ്ങേറ്റം.
2003ൽ കെ.വി. ധനേഷ് ടീമിൽനിന്ന് മാറിയശേഷം 10 വർഷം കാത്തിരിക്കേണ്ടി വന്നു മറ്റൊരു കണ്ണൂർ സ്വദേശിക്ക് ഇന്ത്യൻ കുപ്പായമണിയാൻ. വേങ്ങാട് സ്വദേശി സി.കെ. വിനീത്. 2013ൽ കൊച്ചിയിൽ പലസ്തീനിന് എതിരായി നടന്ന സൗഹൃദമത്സരത്തിലായിരുന്നു വിനീതിന്റെ അരങ്ങേറ്റം. ഇക്കാലത്തിനിടെ പല വർഷങ്ങളിലും സംസ്ഥാന ടീമിൽ പോലും കളിക്കാരെ എത്തിക്കാൻ കഴിയാത്ത ദയനീയാവസ്ഥയിലായിരുന്നു കണ്ണൂർ ഫുട്ബോൾ.
പയ്യന്നൂർ കവ്വായി സ്വദേശി സഹൽ അബ്ദുൾ സമദാണ് ഒടുവിൽ രാജ്യാന്തര കുപ്പായമണിഞ്ഞ കണ്ണൂർ സ്വദേശി. ഇന്ത്യൻ ദേശീയ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മധ്യനിരയിലെ തിളക്കമായിരുന്നു സഹൽ. 2019ലെ കിംഗ്സ് കപ്പിലൂടെയായിരുന്നു സഹലിന്റെ രാജ്യാന്തര അരങ്ങേറ്റം. 23 വയസിൽ താഴെയുള്ളവരുടെ 2021ലെ സാഫ് ചാന്പ്യൻഷിപ്പിൽ നേപ്പാളിനെതിരെ ആദ്യ രാജ്യാന്തര ഗോൾ നേടിയ സഹൽ ഇതുവരെ മൂന്ന് അന്താരാഷ്ട്ര ഗോളുകൾ നേടി.
എം.അബ്ദുൾ സലാം, കെ. ജയഗോപാൽ, ബി. ദേവാനന്ദ്, സി.സി. അഹമ്മദ് നിസാർ, രജത് രാധാകൃഷ്ണൻ, സി.എം. രഞ്ജിത്ത് എന്നിവർ യൂത്ത്, ജൂനിയർ വിഭാഗങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞവരാണ്. മലയാളിയായ ആദ്യത്തെ ഫിഫ റഫറി എ.കെ. മാമുക്കോയ, ഫിഫ അപ്പീൽ കമ്മിറ്റിയംഗം പി.പി. ലക്ഷ്മണൻ, ഇന്ത്യൻ വനിതാ ടീമിന്റെ കുന്തമുനയായിരുന്ന കെ. സൂന, പ്രശസ്ത ഫുട്ബോൾ പരിശീലക പി.വി. പ്രിയ എന്നിവരും കണ്ണൂരിലെ ഫുട്ബോൾ മൈതാനങ്ങളിൽനിന്നുയർന്ന തിളക്കങ്ങളാണ്.
Tags : NattuVishesham DistrictNews