തിരുവനന്തപുരം: ന്യൂനപക്ഷ കമ്മീഷൻ നിരന്തരമായി ഇടപെട്ടിട്ടും മുതലപ്പൊഴിയിലെ അപകടങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനും സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനും അധികൃതർക്കു കഴിയാഞ്ഞത് ദൗർഭാഗ്യകരമാണെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. മഴക്കാലത്തിനു മുന്പു മണൽ നീക്കം പൂർത്തിയാക്കുമെന്നു കമ്മീഷൻ മുന്പാകെ ഉറപ്പുനൽകിയ ജില്ലാ ഭരണകൂടത്തിനും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനും ഡ്രഡ്ജർ തകരാറിലാണെന്ന കാരണത്താൽ ഡ്രഡ്ജിംഗ് പോലും നടത്താനായില്ല.
കൂടാതെ അപകടത്തിന് ഇരയായ മത്സ്യതൊഴിലാളികൾക്കും കുടുംബങ്ങൾക്കും സർക്കാർ അനുവദിച്ച സാന്പത്തിക സഹായം പൂർണമായി വിതരണം ചെയ്യുവാൻ ബന്ധപ്പെട്ടവക്കു കഴിഞ്ഞിട്ടില്ലെന്നും കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് കുറ്റപ്പെടുത്തി.
മുതലപ്പൊഴിയെ അപകടരഹിതമാക്കുന്നതിനും മത്സ്യതൊഴിലാളികൾക്കു സാന്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവർക്കു സാധിക്കാത്തതിന്റെ കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനു തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി പിഎംഎംഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായെങ്കിലും തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മുതലപ്പൊഴിയിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു പൊഴിയെ അപകട രഹിതമാക്കാനുള്ള അടിയന്തര നടപടികൾ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്തുവാനും കമ്മീഷൻ നിർദേശം നൽകി.