പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിലെ കര്‍ഷകദ്രോഹ നിര്‍ദേശങ്ങളില്‍ ജില്ലയിലെ നിയമസഭാംഗങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹരിത സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവും സെക്രട്ടറി റെജി പ്ലാംതോട്ടത്തിലും ആവശ്യപ്പെട്ടു.
കോന്നി, റാന്നി താലൂക്കുകളിലായി ജില്ലയിലെ ഏഴ് വില്ലേജുകളാണ് കരട് വിജ്ഞാപനത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗവും ജനവാസ മേഖലകളും കൃഷിയിടങ്ങളുമാണ്. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ പ്രദേശത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
തലമുറകളായി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ സ്വന്തം വീടും കൃഷിയിടങ്ങളും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കും. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജനവാസ മേഖലകള്‍ ഒഴിവാക്കണം
പത്തനംതിട്ട: റാന്നി, കോന്നി താലൂക്കുകളിലെ ജനവാസമേഖലകള്‍ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് ജില്ലാ ജനകീയ കര്‍ഷക സമിതി ചെയര്മാന് ജോണ്‍ മാത്യു ചക്കിട്ടയില്‍ ആവശ്യപ്പെട്ടു.
പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ പത്തനംതിട്ട ജില്ലയിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ നിലനിര്‍ത്തണം. ജനവാസ മേഖലകള്‍, ക്യഷിയിടങ്ങള്‍, തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍, നദികള്‍ തുടങ്ങിയവ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. വടശേരിക്കര, പെരുനാട്, കൊല്ലമുള, ചിറ്റാര്‍, സീതത്തോട് തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ സ്പെഷല്‍ ഗ്രാമസഭ കൂടി തങ്ങളുടെ നാട്ടില്‍ പരിസ്ഥിതി ലോല പ്രദേശം വേണ്ട എന്നുള്ള തീരുമാനമെടുത്ത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ജോണ്‍ മാത്യു ആവശ്യപ്പെട്ടു.