പാലക്കാട്: അകത്തേത്തറ നടക്കാവ് ഭാഗത്ത് നിർമാണം പുരോഗമിക്കുന്ന മേൽപാലത്തിന്റെ ഗർഡറുകൾക്കിടയിൽ വയോധികൻ കുടുങ്ങിയ നിലയിൽ കണ്ടെത്തി.
ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് നാട്ടുകാർ ഇയാളുടെ കരച്ചിൽകേട്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നിർമാണത്തിലിരിക്കുന്ന പാലത്തിലേക്ക് അബദ്ധത്തിൽ കയറിയ വയോധികൻ ഗർഡറുകൾക്കിടയിലേക്ക് വീണ് കുടുങ്ങിയതാകാമെന്നാണ് പ്രാഥമികനിഗമനം.
ഏറെ നേരം സഹായത്തിനായി വിളിച്ചുകരഞ്ഞതിനെ തുടർന്നാണ് സമീപവാസികൾ വിവരം അറിഞ്ഞത്. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ ഏറെ പ്രയത്നിച്ചാണ് ഇയാളെ സുരക്ഷിതമായി പുറത്തെടുത്തത്.
ഭാഗ്യം കൊണ്ടാണ് വയോധികൻ പാലത്തിന്റെ മുകളിൽനിന്ന് താഴേക്ക് പതിക്കാതിരുന്നതും നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കൂർത്ത കന്പികളിലേക്ക് വീഴാതിരുന്നതും. ചെറിയ അശ്രദ്ധപോലും ഗുരുതര അപകടത്തിന് വഴിവയ്ക്കുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടത്തിൽപ്പെട്ട വയോധികനു നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്ന തായി നാട്ടുകാർ പറഞ്ഞു. വയോധികന് നിസാര പരിക്കുണ്ട്്.
നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അനധികൃത പ്രവേശനം തടയാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും വേലിക്കെട്ടുകളും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattu vishesham Elderly man trapped