പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഒന്നിന് ആരംഭിച്ച് 30ന് അവസാനിക്കേണ്ടിയിരുന്ന സെൻസസ് പ്രവർത്തനങ്ങൾ, വളരെ കുറഞ്ഞദിവസങ്ങൾ കൊണ്ടുതന്നെ അതീവ കൃത്യതയോടെ പൂർത്തീകരിച്ച് സംസ്ഥാനത്തുതന്നെ മാതൃകാപരമായ റിക്കാർഡ് നേട്ടം കൈവരിച്ച് കായംകുളം സ്വദേശി ബിനുചന്ദ്രൻ. ആറൻമുള എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടറാണ് ബിനു. പത്തിയൂർ പഞ്ചായത്തിലെ പത്താം വാർഡിലെ 263 കെട്ടിടങ്ങളുടെ എന്യൂമറേഷനാണ് ബിനു റിക്കാർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.
വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ദൗത്യം വിജയകരമായി അവസാനിപ്പിച്ച ബിനു ചന്ദ്രനെയും സൂപ്പർവൈസർ എൻ.കെ. ദീപയെയും ജില്ലാ കളക്ടർ ഷാജി വി. നായർ ചേംബറിൽ ആദരിച്ചു. കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമാണ് ബിനുവിനെ ഈ നേട്ടത്തിന് അർഹനാക്കിയതെന്നും മറ്റു എന്യൂമറേറ്റർമാർക്ക് ബിനു മികച്ചൊരു മാതൃകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വാട്സ്ആപ്പ് കൂട്ടായ്മയും ക്യാമ്പും
പരമാവധി കുടുംബങ്ങളെ സെൽഫ് എന്യൂമറേഷൻ (സ്വയം വിവരശേഖരണം) ചെയ്യിക്കുക എന്നതായിരുന്നു ബിനു സ്വീകരിച്ച തന്ത്രം. ഇതിനായി തന്റെ പരിധിയിലുള്ള താമസക്കാരെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജൂൺ 27ന് പ്രത്യേക സെൻസസ് ക്യാമ്പും സംഘടിപ്പിച്ചു. ബോധവത്കരണം ശക്തമാക്കിയതോടെ ജൂൺ 30നകം തന്നെ 150 ഓളം കെട്ടിട ഉടമകൾ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി.
ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങൾ അതിർത്തി നിർണയത്തിനായി നീക്കിവച്ചതാണെങ്കിലും അതിനോടൊപ്പം തന്നെ ബാക്കി എന്യൂമറേഷൻ നടപടികളും ബിനു പൂർത്തിയാക്കുകയായിരുന്നു. നൂതനമായ ഈ പ്രവർത്തനശൈലിയാണ് നേട്ടത്തിലേക്ക് ബിനു ചന്ദ്രനെ എത്തിച്ചത്.
Tags : Nattuvishesham Local News Enumeration