അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ.
കുമളി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ട ഏഴാമത്തെ കേന്ദ്ര കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ ശാസ്ത്രീയ നിർദേശങ്ങൾ അവഗണിച്ചതിനെതിരേ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന അടിയന്തര സ്പെഷ്യൽ പൊതു ഗ്രാമസഭകൾക്ക് അഴുത ബ്ലോക്ക് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വിഷയം സംബന്ധിച്ച് പ്രമേയം പാസാക്കി 25ന് ഇടുക്കിയിലെത്തുന്ന മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുമെന്നും പ്രസിഡന്റ് അറിയിച്ചു. വില്ലേജുകളുടെ പേര് പരാമർശിച്ചതുകൊണ്ടു മാത്രം ആ പ്രദേശം മുഴുവൻ ഇഎസ്എ ആക്കി മാറ്റരുത്. വിസ്തൃതി സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ കേന്ദ്ര സർക്കാർ എത്രയും വേഗം നീക്കണമെന്നു ബ്ലോക്ക് പഞ്ചായത്തും ആവശ്യപ്പെടുന്നു. 2024 നവംബർ രണ്ടിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയ പുതുക്കിയ ശിപാർശയിൽ 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ ശുദ്ധമായ വനമേഖല മാത്രം ഇഎസ്എയിൽ ഉൾപ്പെടുത്താനും വനമേഖലയല്ലാത്ത ഏല കൃഷി സംവരണ പ്രദേശത്തെ 23 വില്ലേജുകളെ പൂർണമായി ഒഴിവാക്കാനുമാണ് ആവശ്യപ്പെട്ടിരുന്നത്.
ഈ ന്യായമായ ശാസ്ത്രീയ നിർദേശങ്ങൾ തള്ളിയതിനെതിരേയുള്ള പ്രതിഷേധവും ഉണ്ടാകുമെന്നു ബിന്ദു സന്തോഷ് പണിക്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Tags : District News Nattuvishesham ESA Notification Azhutha Block Gram Sabhas