പ്രതീകാത്മക ചിത്രം
കൂരാച്ചുണ്ട്: കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്നും കരട് വിജ്ഞാപനം മാതൃഭാഷയിൽ പ്രസിദ്ധീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹെൽപ് ഡസ്ക് ആരംഭിക്കണമെന്നും ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോഗം ആവശ്യപ്പെട്ടു.
വനാതിത്തിയോട് ചേർന്ന പുരയിടങ്ങളും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ടുപോയേക്കുമെന്ന ആശങ്ക മലയോര കർഷകരിലുണ്ട്.പരിസ്ഥിതി ലോല മേഖലവനാതിർത്തിയിൽപരിമിതപ്പെടുത്തണം.
ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനം ഇംഗ്ലീഷിൽ ആയതിനാൽ സാധാരണക്കാർക്ക് വിജ്ഞാപനത്തിലെ വിശദാംശങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ല.വിജ്ഞാപനം സംബന്ധിച്ച് പരാതിപ്പെടാൻ ഈ മാസം 25 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ അറിയാത്ത കർഷകർ പരാതി സമർപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ഇത്തരം സാഹചര്യം പരിഗണിച്ച് പരാതി അയക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് ആരംഭിക്കക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മലയോര നിവാസികൾക്ക് ഓൺലൈൻ മുഖേന പരാതി സമർപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ ഹെൽപ്പ്ഡസ്ക് തുറന്ന് പ്രവർത്തിക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ പ്രമേയം അവതരിപ്പിച്ചു.അംഗങ്ങളായ അരുൺ ജോസ്,കെ.കെ.ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വൈശാഖ് കണ്ണോറ, പി.പുഷ്പ, അംഗങ്ങളായ സി.അജിത,അസ്ലം കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി ജോബി സാലസ് തുടങ്ങിയവർ പങ്കെടുത്തു.