കാൽനട യാത്രികരുടെ സ്ഥലം കൈയേറി നഗരമധ്യത്തിലെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ.
പത്തനംതിട്ട: നഗരത്തിലെ നടപ്പാതകൾ വാഹനങ്ങളും വ്യാപാരികളും കൈയേറിയതോടെ കാൽനട യാത്രികർ പുറത്തായി. നഗരത്തിലെ പ്രധാന റോഡുകളിൽ നടപ്പാതകൾ സമീപകാലത്ത് മോടി പിടിപ്പിച്ചിരുന്നു. എന്നാൽ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കാനായിട്ടില്ല.
വ്യാപാര സ്ഥാപനങ്ങൾ പലയിടത്തും നടപ്പാതകൾ കൈയേറിയിരിക്കുകയാണ്. റോഡിനു പൊതുവേ വീതി കുറഞ്ഞ ഭാഗങ്ങളിൽ ഇത് കാൽനട യാത്രക്കാർക്ക് കടുത്ത ഭീഷണിയായി. ജനറൽ ആശുപത്രി, മസ്ജിദ് ജംഗ്ഷൻ ഭാഗങ്ങളിൽ ടികെ റോഡരികിൽ യാത്രക്കാർക്ക് നടക്കാനാകാത്ത സ്ഥിതിയുണ്ട്. തട്ടുകടകൾ, ഹോട്ടലുകൾ, ചിപ്സ് സെന്ററുകൾ ഇവയുടെ മുന്പിലൂടെയും നടക്കാനാകാത്ത സ്ഥിതിയുണ്ട്.
പലതിന്റെയും പാചകശാല റോഡിനോടു ചേർന്നായതിനാൽ എണ്ണ തെറിച്ചും ചൂട് ഭക്ഷണാവശിഷ്ടങ്ങൾ വീണും പൊള്ളലേൽക്കാനുള്ള സാധ്യതയും ഉണ്ട്.
പൊലിസ് സ്റ്റേഷൻ റോഡിലൂടെയുള്ള കാൽനട യാത്രയും സാധ്യമല്ലാത്ത സ്ഥിതിയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങളും നടപ്പാതകളിലെ കച്ചവടങ്ങളും കാരണം കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നു. സെൻട്രൽ ജംഗ്ഷൻ - അബാൻ ജംഗ്ഷൻ റോഡിലും കാൽനടക്കാർക്ക് സൗകര്യങ്ങളില്ല. കെഎസ്ആർടിസി ജംഗ്ഷനിലേക്ക് ആളുകൾ റോഡിലൂടെയാണ് നടന്നുപോകേണ്ടത്.
ഫുട്പാത്തുകൾ പലയിടത്തും കാണാനില്ലാത്ത അവസ്ഥയാണ്.
ഉള്ളവയാകട്ടെ തെരുവ് കച്ചവടക്കാരും വ്യാപാരികൾ സാധനങ്ങൾ ഇറക്കിവച്ചും കൈയേറിയിരിക്കുന്നു. കെഎസ്ആർടിസി ജംഗ്ഷൻ ഭാഗത്ത് റോഡിന് ആവശ്യത്തിനു വീതിയുണ്ടെങ്കിലും യാത്രക്കാർ ബുദ്ധിമുട്ടിലാണ്. ഒരു ഭാഗത്ത് വഴിയോര വ്യാപാരികൾ നിരന്നിരിക്കുകയാണ്. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ അംഗീകൃതവും അനധികൃതവുമായി ഒന്നിലേറെയുണ്ട്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് ഈ ഭാഗത്തൊന്നും നിർത്തി ആളെ ഇറക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്. ഇതിനിടയിൽ റോഡരികുകളിലെല്ലാം മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നത് നഗരത്തിന്റെ ആരോഗ്യ രംഗത്തിനും ഭീഷണിയാണ്.
Tags : District News Nattuvishesham Encroachment footpaths Pedestrians