വെള്ളറട: കുന്നത്തുകാലില്‍ അതിഥി തൊഴിലാളിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് മൃതദേഹം കണ്ടത്. താമസിക്കുന്ന കെട്ടിടത്തിനു താഴെ കമിഴ്ന്നു വീണ് ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കുന്നത്തുകാലിലെ ബാര്‍ ഹോട്ടലില്‍ ഒരാഴ്ചക്ക് മുന്‍പ് ജോലിക്കെത്തിയ അസം സിറാം പുരി സ്വദേശിയായ ബിനോയ് ദോലെ (32) യാണ് മരിച്ചത്.
സ്വകാര്യ ബാര്‍ ഹോട്ടലിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി കുന്നത്തുകാല്‍ ജംഗ്ഷനിലെ ഒരു ബഹുനില കെട്ടിടത്തിലാണ് സൗകര്യമൊരുക്കിയിരുന്ന്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് രാത്രി റൂമില്‍ ബിനോയ് എത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
എപ്പോഴാണ് ഇയാള്‍ മുറിക്ക് പുറത്തേക്ക് പോയതെന്നോ എങ്ങിനെ മരിച്ചുവെന്നതിനെക്കുറിച്ചോ കൂടെയുണ്ടായിരുവര്ക്ക് വ്യക്തതയില്ല. വെള്ളറട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.