വടക്കഞ്ചേരി: കർഷകർ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ദിവസം. ഇന്ന് ചിങ്ങം ഒന്ന്. കർഷക ദിനം. മലയാളത്തിന്റെ പുതുവർഷം. കാണം വിറ്റും ഓണമുണ്ണുന്ന മലയാളിക്കായി പ്രകൃതിനൽകുന്ന വരദാനമാണ് ചിങ്ങമാസത്തിലെ സമൃദ്ധമായ വിളവെടുപ്പ്.
കള്ളക്കർക്കടകത്തിന്റെ പഞ്ഞമാസത്തിനുപിന്നാലെ ചിങ്ങപ്പുലരിയോടെ വ്യാപാരരംഗം ഉൾപ്പെടെ സർവമേഖലയിലും പുതിയൊരുണർവാകും. എവിടേയും പച്ചപ്പും വിളകളും.
കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഇന്ന് കർഷകദിന പരിപാടികൾ നടക്കും. കർഷകരെ ആദരിക്കുന്ന ചടങ്ങുകളുമുണ്ടാകും.
വടക്കഞ്ചേരിയിലെ കർഷക ദിനാഘോഷ പരിപാടികൾ രാവിലെ 10ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. വിളവെടുപ്പിന്റെ ഓണക്കാലം കൂടിയാണിത്. കതിർ നിരന്നുനിൽക്കുന്ന നെൽപ്പാടങ്ങളാണ് കർഷക കുടുംബങ്ങൾക്കുചുറ്റും. ഓണം കഴിഞ്ഞാൽ കൊയ്ത്തു തുടങ്ങുന്ന കരപ്പാടങ്ങളുണ്ട്.
തീറ്റതേടി നൂറുകണക്കിന് കുഞ്ഞാറ്റക്കിളികളും വയൽ വരമ്പിലും കരകളിലെ തെങ്ങോലകളിലും കരിമ്പന പട്ടകളിലും കൂടുകൂട്ടിത്തുടങ്ങി. കതിർനിറയുന്ന പാടങ്ങളിൽ കിളികളുടെ ഈ കലപിലാരവം രണ്ടുമൂന്നുമാസം നീണ്ടുനിൽക്കും. പൊന്നിൻ ചിങ്ങത്തിലെ നാട്ടിൻ പുറങ്ങളിലുള്ള കാഴ്ചകളാണിതെല്ലാം.
പച്ചക്കറി തോട്ടങ്ങളിലും വിളവെടുപ്പിന്റെ തിരക്കുകളാണ്. വാഴകർഷകർക്കും ഇക്കുറി പ്രതീക്ഷകളുണ്ട്. നേന്ത്രക്കായ ഉൾപ്പെടെയുള്ള കായകൾക്ക് ഉയർന്ന വിലയാണ്. പച്ചക്കറി വിലകളും അത്ര കുറവല്ല.
റബറും വാഴയും തെങ്ങുമൊക്കെ കർഷകർക്ക് പ്രിയപ്പെട്ടതാണെങ്കിലും നെല്ലിന്റെ വിളവെടുപ്പ് വന്നാലേ ഓണം ഓർമകൾ ഓടിവരികയുള്ളു. ഓണം നേരത്തെയായതിനാൽ ഇക്കുറി ഓണസദ്യക്ക് പുത്തരി ചോറിന് പലഭാഗത്തും നെല്ല് മൂപ്പായിട്ടില്ല എന്നൊരു വിഷമം കർഷകർക്കുണ്ട്.
തിരുവോണത്തിന് തൂശനിലയിൽ ചോറുവിളമ്പാൻ മിക്കവാറും വർഷങ്ങളിലും പരുവാശേരിയിലെ കർഷകർക്ക് കഴിയാറുണ്ട്. എന്നാൽ ഇക്കുറി അതിനുള്ള ഭാഗ്യമില്ല. കതിർക്കുലകൾ നിരന്നുതുടങ്ങിയിട്ടേയുള്ളൂ. ജില്ലയിൽ തന്നെ ഏറ്റവും ആദ്യം കൊയ്ത്ത് ആരംഭിക്കുന്ന പാടങ്ങളിലൊന്നാണ് പരുവാശേരിലേത്. കനാൽവെള്ളം എത്താത്ത ഇവിടെ മഴയെ മാത്രം ആശ്രയിച്ചാണ് മുന്നൂറേക്കറോളം വരുന്ന പാടത്ത് രണ്ടു പൂവൽകൃഷിയും നടത്തുന്നത്.
അതിനാൽ കൃഷിപണികളെല്ലാം നേരത്തെ തുടങ്ങും. ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞ് രണ്ടാംവിളയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കേണ്ടതുണ്ട്. എങ്കിലെ രണ്ടാംവിള ഉണക്കം കൂടാതെ കൊയ്തെടുക്കാനാകൂ.
നെല്ലുസംഭരണ ആനുകൂല്യങ്ങൾ പലപ്പോഴും ഇവർക്ക് കിട്ടാറില്ല.സംഭരണ ചർച്ചകൾ ആരംഭിക്കുംമുമ്പേ പാടത്തെ കൊയ്ത്ത് കഴിഞ്ഞിട്ടുണ്ടാവും. പിന്നെ നെല്ല് സൂക്ഷിക്കാൻ സൗകര്യങ്ങളുള്ള കർഷകർക്കു മാത്രമേ സംഭരണാനുകൂല്യങ്ങൾ ലഭിക്കൂ.