തൊടുപുഴ അഗ്നിരക്ഷാസേന നഗരത്തില്‍ നടത്തിയ മോക്ഡ്രില്‍.
തൊടുപുഴ: നഗരത്തില്‍ അഗ്നിരക്ഷാസേന നടത്തിയ മോക്ഡ്രില്ലിനിടെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജനറേറ്ററിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീപിടിത്തമുണ്ടായപ്പോള്‍ മോക്ഡ്രില്ലിന്റെ ഭാഗമായുള്ള രക്ഷാപ്രവര്ത്തനമാണെന്നുകരുതി ആദ്യം പലരും സംഭവത്തില്‍ ഇടപെടാതെ മാറിനിന്നെങ്കിലും, അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു. കാര്യമായ നാശനഷ്ടമുണ്ടായില്ല
നഗരത്തില്‍ മൂന്നിടങ്ങളിലായാണ് അഗ്നിരക്ഷാ സേന നടത്തുന്ന രക്ഷാ ദൗത്യത്തിന്റെ മാതൃകയില്‍ മോക്ഡ്രില്‍ അരങ്ങേറിയത്. ഇന്നലെ രാവിലെ 10.30ന് ഗാന്ധിസ്ക്വയറിന് സമീപമായിരുന്നു സംഭവം.
രാവിലെ 10 മുതല്‍ ഉച്ചവരെ വിവിധ ഇടങ്ങളില്‍ മോക്ഡ്രില്‍ നടത്തുമെന്നു നേരത്തേതന്നെ ഫയര്‍ഫോഴ്സ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാവിലെ 10ന് സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ മരം വെട്ടുന്നതിനിടെ ഒരാള്‍ അപകടത്തില്‍പ്പെട്ട് മരത്തില്‍ കുടുങ്ങിയെന്ന രീതിയിലായിരുന്നു ആദ്യ രക്ഷാപ്രവര്‍ത്തനം. പരിക്കേറ്റയാളെ താഴെയെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയതോടെ ഇത് പൂര്‍ത്തിയാക്കി. ഇതിനിടെയാണ് സമീപത്തെ വസ്ത്രശാലയിലെ ജനറേറ്ററിനു തീപിടിച്ചത്. മോക്ഡ്രില്‍ ആണെന്നു കരുതി നാട്ടുകാര്‍ ആദ്യം മടിച്ചു നിന്നെങ്കിലും തീപിടിത്തം യഥാര്‍ഥമാണെന്ന് വ്യക്തമായതോടെ അഗ്നിരക്ഷാസേനയെ അറിയിച്ചു. ഇവരെത്തി തീയണയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഗാന്ധി സ്ക്വയറില്‍ വാഹനാപകടവും തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനവും അഗ്നിരക്ഷാസേന ആവിഷ്കരിച്ചു. അപകടത്തില്‍പ്പെട്ടയാളെ ശരീരത്തിന് അനാവശ്യമായ ചലനമുണ്ടാകാതെ സ്ട്രക്ചര്‍ ഉപയോഗിച്ച് സുരക്ഷിതമായി ഉയര്‍ത്തി ആംബുലന്‍സിലേക്കു മാറ്റുന്ന രീതിയാണ് പ്രദര്‍ശിപ്പിച്ചത്. പിന്നീട് തൊടുപുഴയാറില്‍ ഒരാള്‍ വീണ് അപകടത്തില്‍പ്പെടുന്ന പശ്ചാത്തമൊരുക്കിയായിരുന്നു അടുത്ത രക്ഷാപ്രവര്‍ത്തനം.
റെസ്ക്യൂ ബോട്ടുമായി വെള്ളത്തിലിറങ്ങിയ സംഘം പാലത്തിനടിയിലെത്തി അപകടത്തില്‍പ്പെട്ടയാളെ കണ്ടെത്തി. പ്രത്യേക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും റെസ്ക്യൂ നെറ്റും ഉപയോഗിച്ച് ഇയാളെ സുരക്ഷിതമായി പാലത്തിനു മുകളിലെത്തിച്ചു. മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുന്നതും മോക്ഡ്രില്ലില്‍ അവതരിപ്പിച്ചു.
വിവിധ അപകടസാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്ന രീതികളു ആധുനിക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗവും പരിചയപ്പെടുത്തുന്നതായിരുന്നു മോക്ഡ്രില്‍. ഉച്ചയ്ക്ക് ഒന്നോടെ പരിശീലന പരിപാടി സമാപിച്ചു.