ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ കയറ്റുന്നു.
മറയൂർ: മഞ്ഞപ്പെട്ടി ഭാഗത്ത് പോണ്ടിച്ചേരിയിൽനിന്നെത്തിയവർ സഞ്ചരിച്ച ട്രക്കിംഗ് ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം.
ശനിയാഴ്ച രാവിലെ പത്തിന് മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിലെ മഞ്ഞപ്പെട്ടിയിലെ കൊടുംവളവിന് മുകളിലാണ് അപകടമുണ്ടായത്. പോണ്ടിച്ചേരി സ്വദേശികളായ 12 അംഗ സംഘം രണ്ട് ജീപ്പുകളിലായി മറയൂർ - കാന്തല്ലൂർ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുകയായിരുന്നു. മഞ്ഞപ്പെട്ടിയിലെ വളവിൽ നിയന്ത്രണം വിട്ട ജീപ്പ് തലകുത്തി എതിർദിശയിലേക്ക് മറിയുകയായിരുന്നു.
ജീപ്പ് ഡ്രൈവർ മറയൂർ നാച്ചിവയൽ സ്വദേശി സഞ്ജയ് (22), പോണ്ടിച്ചേരി സ്വദേശികളായ കുമാർ (54), ഗംഗാധരൻ (48), രാംകുമാർ (43), ഡോ. സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡ്രൈവർ സഞ്ജയ്യുടെയും കുമാറിന്റെയും പരിക്കുകൾ ഗുരുതരമായതിനാൽ ഉദുമൽപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റ് വാഹനങ്ങളിലെത്തിയവരുടെ സഹായത്തോടെ ജീപ്പ് ഉയർത്തി പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറയൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Nattuvishesham District news