കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ ഫാൻ പാർക്കിന്റെ ഉദ്ഘാടനം ഫുട്ബോൾ തട്ടി കെ. സുധാകരൻ എംപി നിർവഹിക്കുന്നു.
കണ്ണൂർ: ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങിയതോടെ കളി ആവേശത്തിലാണ് കണ്ണൂരിലെ ഫുട്ബോൾ ആരാധകർ. അവരുടെ ഹർഷാരവങ്ങൾക്കൊപ്പം കൂടാൻ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ ഫാൻ പാർക്ക് ഒരുങ്ങി.
ഒരേസമയം 2500 ഓളം പേർക്ക് കളി കാണാൻ പറ്റുന്ന ആധുനിക ജർമൻ പന്തൽ സംവിധാനവും, 400 ചതുരശ്ര അടി വലിപ്പം വരുന്ന കേരളത്തിലെ ഏറ്റവും വലിയ എൽഇഡി സ്ക്രീനും മികച്ച ശബ്ദ സംവിധാനവും ഫാൻ പാർക്കിൽ ഒരുക്കും. ഇന്നലെ രാത്രി10:30ന് പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ കാനഡ മൊറോക്കോയുമായി ഏറ്റുമുട്ടുന്നത് വലിയ സ്ക്രീനിൽ ദൃശ്യമായി. ഈ മത്സരം മുതൽ ഫൈനൽ വരെയുള്ള കളികൾ ഫാൻ പാർക്കിൽ സൗജന്യമായി വീക്ഷിക്കാനാകും.
പയ്യാമ്പലം ബീച്ചിലാണ് ഫാൻ പാർക്ക് സംഘടിപ്പിക്കാൻ ആദ്യം ഉദ്ദേശിച്ചതെങ്കിലും മഴയും ബീച്ചിലെ കരയിടിച്ചിലും പ്രതികൂലമാകും എന്നതിനാലാണ് കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിൽ ഫാൻ പാർക്ക് സജീകരിച്ചത്. ഫാൻ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ. സുധാകരൻ എംപി നിർവഹിച്ചു.
മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ, വി.കെ. മുഹമ്മദലി, സോന ജയറാം, കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : Nattuvishesham District news